കാസർകോട്: അതിവേഗ വൈറസ് പരിശോധന കിറ്റുകൾക്ക് ഐ.സി.എം. ആറിന്റെ അനുമതി വൈകുന്നതിനാൽ കേരളത്തിൽ കൊവിഡ് ദ്രുത പരിശോധന അവതാളത്തിലായി. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ശ്രീചിത്ര എന്നീ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കാണ് ഐ.സി.എം.ആർ അനുമതി നൽകാതിരിക്കുന്നത്. അനുമതി അപേക്ഷ നൽകി ഒരാഴ്ച കഴിഞ്ഞിട്ടും ഐ.സി.എം.ആർ പച്ചക്കൊടി കാട്ടാത്തതിനാൽ ഏറ്റവും കൂടുതൽ രോഗഭീഷണി ഉണ്ടായിട്ടുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉൾപ്പെടെ ആരോഗ്യ വകുപ്പ് ദ്രുത പരിശോധന നടത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരുപ്പ്
തുടങ്ങിയിട്ട് ആഴ്ചകളായി. കൊവിഡ് ഭീഷണി ഒഴിഞ്ഞാലും അതിവേഗ പരിശോധന വേണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ചൈനയിൽ നിന്ന് എത്തിച്ച കിറ്റുകൾ ഗുണനിലവാരം കുറഞ്ഞത് മൂലമാണ് അതിവേഗ പരിശോധനകൾ മുടങ്ങിയത്. ചൈനയിലെ രണ്ടു കമ്പനികളിൽനിന്നു വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരികെ നൽകാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആവശ്യപ്പെട്ടിരുന്നു. പരിശോധന ഫലത്തിൽ രണ്ടു കമ്പനികളുടെയും ടെസ്റ്റ് കിറ്റുകൾ വലിയ വ്യത്യാസം കാണിക്കുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ നിലവാരത്തിൽ ചില സംസ്ഥാനങ്ങൾ സംശയം പ്രകടിപ്പിച്ചതായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഐ.സി.എം.ആർ അയച്ച കത്തിൽ പറയുന്നു. ഗുവാൻഷ്യൂ വോണ്ട്ഫോ ബയോടെക്, ഷുഹായ് ലിവ്സൺ ഡയഗ്നോസ്റ്റിക്സ് എന്നീ കമ്പനികളിൽ നിന്ന് വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരിശോധന ഫലത്തിൽ വലിയ വ്യത്യാസം കാണിക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കമ്പനികളുടെയും ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് സംസ്ഥാനങ്ങൾ നിർത്തണം. അവ എത്രയും വേഗം തിരികെ ഏൽപ്പിക്കണം. കമ്പനികൾക്ക് ടെസ്റ്റ് കിറ്റുകൾ അയച്ചുകൊടുക്കുമെന്നും കത്തിൽ പറയുന്നുണ്ട്. നിരീക്ഷണ ആവശ്യങ്ങൾക്കാണ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചിരുന്നത്. രോഗനിർണയത്തിന് ഇവ ഉപയോഗിച്ചിരുന്നില്ല. ടെസ്റ്റ് കിറ്റുകളുടെ വിലയെ ചൊല്ലിയുണ്ടായ ചോദ്യങ്ങൾക്കും ഐ.സി.എം.ആർ വിശദീകരണം നൽകിയിട്ടുണ്ട്. ഇതുവരെ പണമിടപാട് നടത്തിയിട്ടില്ലെന്നും നിലവാരമില്ലാത്ത കിറ്റുകൾക്കായി ഒരു രൂപ പോലും ഇന്ത്യൻ സർക്കാർ വെറുതെ പാഴാക്കില്ലെന്നും ഐ.സി.എം.ആർ പറയുന്നു.