കാസർകോട്: മഞ്ചേശ്വരം ഉദ്യാവരത്തെ നവീൻ ചന്ദ്രയുടെ വീട്ടിൽ നിന്ന് 35 പവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മാല, വള, നെക്ലൈസ് തുടങ്ങി സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. നവീൻ ചന്ദ്ര വിദേശത്താണ് . ഇയാളുടെ ഭാര്യ മമതയും രണ്ടു മക്കളും മാത്രമാണ് വീട്ടിൽ താമസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമീപത്തായുള്ള കുടുംബ വീട്ടിലായിരുന്നു ഇവരുടെ താമസം.
ഇന്നലെ രാവിലെയോടെ വീട്ടിൽഎത്തിയപ്പോഴാണ് വാതിൽ കുത്തി തുറന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ, മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ലോക്ക്ഡൗൺ കാലത്തുണ്ടായ വലിയ മോഷണം ആളുകളെ പരിഭ്രാന്തരാക്കി. കവർച്ച നടത്തിയ ആളുകളെ സംബന്ധിച്ചു സൂചനയൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.