കണ്ണൂർ: ശ്രീകണ്ഠാപുരം ചെമ്പേരിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അക്രമം. ചെമ്പേരി ചെളിമ്പറമ്പിലെ കന്നേൽ മാർട്ടിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 11 മണിയോടെ അക്രമം നടന്നത്. ഇയാൾ കഴിഞ്ഞ ദിവസം കെ.സി ജോസഫ് എം.എൽ.എക്കെതിരെ ഒരു ചാനലിൽ പ്രതികരിച്ച് സംസാരിച്ചിരുന്നു. കൊവിഡ് 19 തുമായി ബന്ധപ്പെട്ട് എം. എൽ.എ മണ്ഡലത്തിൽ എത്താത്തതിന് എതിരെയായിരുന്നു ഇയാളുടെ പ്രതികരണം. അക്രമത്തിൽ മാർട്ടിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ പ്രതിപക്ഷ നേതാവിനോട് ചോദിക്കാം എന്ന പരിപാടിയിൽ ഇരിക്കൂർ എം.എൽ.എ കെ.സി ജോസഫിനെ മണ്ഡലത്തിൽ കാണാനെ ഇല്ല എന്ന് മാർട്ടിൻ പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ചിലർ മാർട്ടിനെ ഭീഷണിപെടുത്തിയതായി പറയുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്ന ആക്രമണമെന്ന് സംശയിക്കുന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം വാഹനത്തിൽ രക്ഷപ്പെട്ടു. കുടിയാൻമല പൊലീസിൽ പരാതി നൽകി. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.