pic

കണ്ണൂർ: കൊവിഡ് 19 വ്യാപനത്തിൽ നിന്നും ആശ്വസിക്കാൻ കണ്ണൂർ ജില്ലയിൽ നിന്നും ശുഭകരമായ വാർത്തയെത്തുന്നു. വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയെല്ലാം ഫലം നെഗറ്റീവെന്ന് സ്ഥിതീകരിച്ചതോടെ ജില്ലാ ആശുപത്രിയും തലശേരിയിലെ ജനറൽ ആശുപത്രിയും കാലിയായി. അവസാനത്തെയാളും കൊവിഡ് വിമുക്തനായെന്ന് ബോദ്ധ്യമായെന്ന് വ്യക്തമായതോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ ഇക്കാര്യം സ്ഥിതീകരിച്ചത്.

വൈറസ് ബാധ സംശയിച്ച് ഇനി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 580 പേർ മാത്രമാണ്. ഇവരിൽ 55 പേർ ആശുപത്രിയിലും 525 പേർ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 36 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 19 പേരുമാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം സുഖം പ്രാപിക്കുകയും പൊസിറ്റീവ് സ്ഥിതീകരിച്ചവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതോടെ ജില്ല വൈറസ് ബാധയിൽ നിന്നും വിമുക്തമാകും. സംസ്ഥാനത്തെ എട്ട് ജില്ലകൾ കൊവിഡ് വിമുക്തമായതോടെ അതേ പാതയിലേക്ക് കണ്ണൂരിനെയും എത്തിക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ജില്ലയിൽ നിന്നും ഇതുവരെ 4118 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3934 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 3709 എണ്ണം നെഗറ്റീവാണ്. 184 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ 106 എണ്ണം പോസറ്റീവ് ആയിരുന്നു. രോഗികളിൽ ആരുടെയും നില ആശങ്കയിൽ അല്ലെന്ന് മെഡിക്കൽ രംഗത്തെ അധികൃതർ പറയുന്നു.ലോക്ക് ഡൗണിൽ വിദേശത്ത് കുടുങ്ങിയവർ ഇന്ന് മുതൽ നാട്ടിലെത്തുന്നുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏർപ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവർ വരുന്നത്. ഇന്ന് രണ്ടു വിമാനങ്ങൾ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽനിന്നും കോഴിക്കോട്ടേക്കുമെത്തും. ഇതിലും കണ്ണൂർ സ്വദേശികൾ ഉണ്ടാകും. ഇതിനുള്ള ജാഗ്രതയും സ്വീകരിക്കും.

ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിനിൽ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്. 1177 വിദ്യാർത്ഥികൾ തിരിച്ചുവരാനായി ഇവിടെയുണ്ട്. 723 പേർ ഡൽഹിയിലും 348 പേർ പഞ്ചാബിലും 89 പേർ ഹരിയാനയിലുമാണ്. ഹിമാചലിൽ 17 പേരുണ്ട്.

പ്രവാസികൾ മടങ്ങിയെത്തുന്ന വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡി.ഐ.ജിമാരെ നിയോഗിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ഷെഡ്യൂൾ ചെയ്തിട്ടില്ലെങ്കിലും കെ. സേതുരാമന് ചുമതല നൽകിയിട്ടുണ്ട്.