money-

തൃക്കരിപ്പൂർ: മലപ്പുറത്തെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയിരുന്നതായി സൂചന. തൃക്കരിപ്പൂരിലെ ചില ഉന്നതർക്കും സംഘവുമായി ബന്ധമുണ്ടെന്ന് പറയുന്നു. കേസിൽ രണ്ടു പേരെ മലപ്പുറം ചങ്ങരംകുളം പൊലീസ് ഇന്നലെ പുലർച്ചെ തൃക്കരിപ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഇവരെ ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

തൃക്കരിപ്പൂർ തങ്കയം തട്ടാർക്കടവ് റോഡിൽ വാടകവീട്ടിൽ താമസിച്ചുവന്നിരുന്ന തലശ്ശേരി സ്വദേശി ഷിബു(40), തൃക്കരിപ്പൂർ സ്വദേശി സുധീർ(45) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലും സംഘവും അറസ്റ്റ് ചെയ്തത്. മലപ്പുറത്തെ ഒരാളിൽ നിന്ന് ബിസ്നസ്സിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം നൽകി 18 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. സൈബർ സെല്ലിൽ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തൃക്കരിപ്പൂർ തങ്കയത്ത് കാണിച്ചതിനെ തുടർന്ന് രഹസ്യമായി നിരീക്ഷണം നടത്തിയാണ് വാടകക്കെട്ടിടത്തിൽ താമസിച്ചുവന്നിരുന്ന പ്രതികളെ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ വീട് വളഞ്ഞ് ആണ് പ്രതികളെ പിടികൂടിയത്.

തൃക്കരിപ്പൂരിലെ ഒരു പ്രമുഖൻ അടുത്ത കാലത്ത് വിൽപ്പന നടത്തിയ വീട്ടിലാണ് ഇവർ താമസിച്ചു വന്നിരുന്നത്. ജോലിവാഗ്ദാനം നൽകിയും ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞു കബളിപ്പിച്ചും നിരവധി സ്ഥലങ്ങളിൽ നിന്നും പ്രതികൾ പണം തട്ടിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.