pic

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവ്വീസ് ആശ്വാസമാകുന്നത് 70,000 തോളം പ്രവാസികൾക്ക്. ആദ്യം കണ്ണൂർ വിമാനതാവളത്തിലേക്ക് സർവ്വീസ് ഉണ്ടാകില്ലെന്ന പ്രചരണം വ്യാപകമായിരുന്നു. പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇതുതന്നെയാണ് പറഞ്ഞത്.

എന്നാൽ അന്നുതന്നെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തിയിരുന്നു. ഒരു സ്വകാര്യ ചാനൽ ചർച്ചയിലാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ തിരുത്തിയത്. കണ്ണൂർ അടക്കം കേരളത്തിലെ 4 വിമാനതാവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരും എന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്. കണ്ണൂരിന്റെ പേര് വെട്ടി എന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണെന്നും മുരളീധരൻ പറഞ്ഞിരുന്നു.

കണ്ണൂർ വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ സർവീസ് നടത്താതിരുന്നു എങ്കിൽ ഇത്രയും യാത്രക്കാർ കോഴിക്കോടിനെയോ, കൊച്ചിയെയോ ആശ്രയിക്കേണ്ടി വരും. ഇതു ഫലപ്രദമായ ക്വാറന്റൈൻ പ്രവർത്തനങ്ങൾക്ക് തടസമാവുകയും ചെയ്യും. നാട്ടിലേക്കു മടങ്ങുന്നതിന് നോർക്ക മുഖേന രജിസ്റ്റർ ചെയ്ത 4.42 ലക്ഷം മലയാളികളിൽ 69,179 പേരും കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. കണ്ണൂർ ജില്ലയിലെയും കാസർകോട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിലെയും കോഴിക്കോട് ജില്ലയിൽ വടകര, കുറ്റിയാടി, നാദാപുരം മേഖലയിലെയും ആളുകളാണിവർ. നോർക്ക രജിസ്‌ട്രേഷനു പുറമെ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടതു പ്രകാരം എംബസികൾക്കു നൽകിയ അപേക്ഷയിലും ഇവർ കണ്ണൂർ വിമാനത്താവളമാണ് തിരഞ്ഞെടുത്തത്.