ഷാർജ: അറേബ്യൻ നാടുകളിലെ ജോലിയിൽ വിശ്വസിച്ച് വീടിനും വാഹനങ്ങൾക്കുമായി വായ്പയെടുത്ത പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി കൊവിഡ് കാലം. വൈറസ് ബാധ തുടരുന്നതോടെ ലക്ഷക്കണക്കിന് മലയാളികളുടെ ജോലി നഷ്ടപ്പെടുകയും ഉള്ള ജോലിയുടെ ശമ്പളം കുത്തനെ ഇടിയുമെന്നുമാണ് വിലയിരുത്തൽ. പെട്ടെന്നൊന്നും തിരിച്ച് വരാൻ പറ്റാത്ത പ്രത്യാഘാതം അറേബ്യൻ നാടുകളിലെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇതാണ് തൊഴിൽ മേഖലയെ അടിമുടി ഉലച്ചത്.
ലക്ഷകണക്കിന് പ്രവാസികളെ വിവിധ കമ്പനികൾ പിരിച്ചു വിട്ടിട്ടുണ്ട്. അതിനു പിന്നാലെയാണ് 40 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കാൻ പല രാജ്യങ്ങളും സ്വകാര്യ കമ്പനികൾക്ക് അനുമതി കൊടുത്തത്. ആറു മാസത്തേക്ക് ശമ്പളം വെട്ടിക്കുറക്കാൻ സൗദി മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചെങ്കിലും ഇത് ദീർഘ കാല പ്രതിഭാസമാകാനാണ് സാദ്ധ്യത. വികസിത രാജ്യങ്ങളുടെ വരുമാനത്തെ പോലും കൊവിഡ് അതീഭീകരമായി തകർത്തെന്നാണ് വിലയിരുത്തൽ.
ജീവനക്കാരുടെ വാർഷികാവധി ക്രമീകരിക്കാനും തൊഴിലുടമയ്ക്ക് അനുമതി നൽകുന്നുണ്ട്.
സൗദി അറേബ്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിടുന്ന കനത്ത പ്രതിസന്ധിയാണിത്. പെട്രോളിയം വരുമാനവും എണ്ണേതര വരുമാനവും വൻ തോതിൽ കുറഞ്ഞതായും അൽ അറേബ്യ ടെലിവിഷൻ ചാനൽ നടത്തിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.
60 ഡോളറായിരുന്ന എണ്ണവില ബാരലിന് 20 ഡോളറിലേക്ക് വരെ എത്തി നിൽക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 180 ബില്യൺ റിയാൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുവദിച്ചിട്ടുണ്ട്. വലിയ തോതിലുള്ള ചിലവ് ഇനിയുമുണ്ട്. അതിനാൽ ശക്തമായ ചിലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കാൻ രാജ്യം നിർബന്ധിതമായിരിക്കുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച അത്യാവശ്യമില്ലാത്ത പദ്ധതികൾ നിർത്തിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറ്റു രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണ്. ഇതോടെ മലയാളികൾ കൂട്ടത്തോടെ ജന്മനാട്ടിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകും. ഇതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നവും അതിരൂക്ഷമായിരിക്കും.
ഇന്ത്യയിലെ പല ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ ഇത് ബാധിക്കും. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾക്കായി വൻ തുകയാണ് ഓരോ ബാങ്കുകളും വായ്പയായി നൽകിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങുന്നത് സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ഇടയാക്കും.