yogi

വാരണാസി: ലോക്ക്ഡൗണിൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറ്റാർക്ക് മനസിലായില്ലെങ്കിലും മദ്യപാനികൾക്ക് അറിയാമെന്നാണ് ഉത്തർപ്രദേശുകാർ തമാശയായി പറയുന്നത്. കാരണം, ലോക്ക്ഡൗണിൽ ആദ്യമായി മദ്യശാല തുറന്ന ദിവസം കുടിയന്മാർ ചെലവിട്ടത് 255 കോടി രൂപയാണ്. സകല മേഖലയും സ്തംഭിച്ച് സർക്കാർ പണമില്ലാതെ വലയുമ്പോഴാണ് മദ്യത്തിന്റെ റെക്കോർഡ് വിൽപ്പന നടക്കുന്നത്. പണിയും കൂലിയൊന്നും ഇല്ലെങ്കിലും കിട്ടിയ സുവർണാവസരം മുതലെടുത്താണ് ഇവർ മദ്യം വാരിക്കൂട്ടിയത്. മദ്യം ലഭിക്കാതെ വിറച്ചു കൊണ്ടാണ് പലരും മദ്യശാലയ്ക്ക് മുന്നിൽ തമ്പടിച്ചത്. കുപ്പി ലഭിച്ചതോടെ പലരും വിജയ ശ്രീലാളിതരായി വീടുകളിലേക്ക് കൂട്ടമായി മടങ്ങി.

മദ്യശാലകൾ തുറന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തർപ്രദേശാണ് വിൽപ്പനയിൽ മുന്നിൽ. ഡൽഹിയിലെ പോലെ 70ശതമാനം കൊവിഡ് സെസ് ചെലുത്തി ചൂഷണം ചെയ്യാത്ത തങ്ങളുടെ സർക്കാരാണ് മാന്യന്മാരെന്ന് യു.പിയിലെ മദ്യപാനികൾ അഭിമാനത്തോടെ പറയുന്നു.

അതേസമയം മഹാരാഷ്ട്രയിലെ മദ്യവിൽപ്പന 200 കോടിയായിരുന്നു. രാജസ്ഥാൻ 59 കോടിയും കർണ്ണാടക 45 ഉം ഛത്തീസ് ഗഡ് 25 കോടിയും രൂപയ്ക്കുള്ള മദ്യമാണ് വിറ്റത്. കഴുത്തറപ്പൻ നികുതി ചുമത്തിയിട്ടും ഡൽഹിയിൽ വൻ ക്യൂവാണ് അനുഭവപ്പെട്ടത്.

തമിഴ്നാട്ടിലും മദ്യശാലകൾ തുറക്കാൻ ഉത്തരവിട്ടതോടെ മലയാളികളും ആകാംഷയിലായിട്ടുണ്ട്. വരുമാനം പൂർണ്ണമായി നിലച്ചതോടെ കേരള സർക്കാരും തങ്ങളുടെ ആവശ്യത്തിന് മുന്നിൽ കണ്ണ് തുറക്കുമെന്നാണ് മദ്യപാനികളുടെ ആത്മവിശ്വാസം. അതേസമയം മദ്യശാലകൾ തുറക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭ്യർത്ഥന കേന്ദ്രം തള്ളിയിരുന്നു. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതാണ് കാരണം പറഞ്ഞത്. ഇതിനെതിരെ സിംഗ് പൊട്ടിത്തെറിച്ചു.

'6200 കോടി രൂപയാണ് എക്‌സൈസ് ഡ്യൂട്ടിയിൽ നിന്ന് ലഭിച്ചിരുന്നത്. പണം ഞാനെവിടുന്ന് കണ്ടെത്തും? കേന്ദ്രം ഒരു രൂപ തരില്ല. സംസ്ഥാനം കടക്കെണിയിലാണ്.' എന്നാണ് വാദം. ജി.എസ്.ടി, ഭൂമി വരുമാനം, പെട്രോളിയം വാറ്റ്, എക്‌സൈസ് ഡ്യൂട്ടി എന്നിവയാണ് സർക്കാരിന്റെ വരുമാനം. മദ്യം ജി.എസ്.ടിയിൽ ഉൾപ്പെടാത്തതാണ് എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കാൻ സഹായകമാകുന്നത്. ലോക്ക് ഡൗൺ കാലത്ത് മദ്യവിൽപ്പന ഇല്ലാത്തതിനാൽ സംസ്ഥാനങ്ങൾക്ക് പ്രതിദിനം 700 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു വർഷം 5.7 ലിറ്റർ മദ്യം ഓരോ ഇന്ത്യക്കാരനും കുടിക്കുന്നുണ്ടത്രേ. ഇതിൽ 4.2 ലിറ്റർ പുരുഷന്മാരും 1.5 ലിറ്റർ സ്ത്രീകളുമാണുപയോഗിക്കുന്നത്. ലോക്ക്ഡൗണിൽ വ്യാജ വാറ്റ് കൂടിയതും നികുതി ചോർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.