ന്യൂഡൽഹി: കൊവിഡ് 19 വ്യാപനം അതിജീവിക്കാൻ ദക്ഷിണേഷ്യൻ രാജ്യങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ചില്ലറ പ്രശ്നങ്ങളായിരിക്കില്ല. ഉയർന്ന ജനസംഖ്യയും ജനസാന്ദ്രതയുമാണ് വെല്ലുവിളിയാകുക. ഇന്ത്യയിലും ബംഗ്ലാദേശിലും രോഗവ്യാപനം പരിധിവിട്ട് പോകുമെന്നാണ് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ആശങ്കപ്പെടുന്നത്.
ലോകത്ത് ഓരോ ദിവസവും 80,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കാൻ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതേസമയം സാമ്പത്തിക അസമത്വം ഇതിന് തടസമാകുകയാണ്.
ഇതിനകം എല്ലാ വൻകരകളിലേക്കും സാനിദ്ധ്യമറിയിച്ച വൈറസ് 35 ലക്ഷത്തിലധികം ആളുകളിലേക്ക് പടരുകയും രണ്ടര ലക്ഷം പേരുടെ ജീവനെടുക്കുകയും ചെയ്തു. റഷ്യ ഉൾപ്പെടുന്ന കിഴക്കൻ യൂറോപ്പിലും ഇന്ത്യയിലും ബംഗ്ലാദേശിലും, ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ എന്നിവിടങ്ങളിൽ രോഗികൾ കൂടുകയാണ്.
കൊറിയൻ രാജ്യങ്ങളിൽ വൈറസ് ബാധ കുറഞ്ഞപ്പോൾ ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ എണ്ണം ഉയർന്നുവരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.
പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത തുടരണമെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. ലോക്ക്ഡൗണിൽ ഇളവ് വരുത്തിയാൽ പ്രത്യാഘാതം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഭക്ഷണത്തിന് പോലും ക്ഷാമം അനുഭവപ്പെടുന്ന ഘട്ടമെത്തിയാൽ ജനം എത്രത്തോളം നിയന്ത്രണങ്ങൾ അനുസരിക്കുമെന്നാണ് ആശങ്ക. അതേസമയം ഇന്ത്യയിൽ ഇക്കാര്യത്തിൽ സർക്കാരുകൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. ആവശ്യത്തിന് ഭക്ഷ്യ വിഭവങ്ങൾ കരുതൽ ശേഖരത്തിൽ ഉണ്ടെന്നാണ് ഔദ്യോഗിക സ്ഥിതീകരണം. അതേസമയം റോഹിംഗ്യൻ കുടിയേറ്റക്കാരടക്കം വൻതോതിൽ തമ്പടിച്ച ബംഗ്ലാദേശിൽ ഇതും പ്രശ്നം സൃഷ്ടിക്കും.