കൂത്തുപറമ്പ്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ കൂത്തുപറമ്പ് മേഖലയിൽ വീടുകളിലടക്കം വൻ നാശനഷ്ടം. ആയിത്തറ മമ്പറത്തെ പയേരി മനോഹരന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് മേൽക്കൂര തകർന്നു. ആളുകൾ ഓടി മാറിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
ആയിത്തറ മാങ്കുളത്ത് കാവിന് സമീപത്തെ പാലൂർ സുനിൽ കുമാറിന് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് ടെറസിനും മറ്റും കേടുപറ്റിയിട്ടുണ്ട്. മുടപ്പത്തൂരിനടുത്ത മള്ളന്നൂർ കൈതോട്ടയിലെ ശ്രീലക്ഷ്മിയിൽ അത്തിക്ക പുരുഷോത്തമന്റെ വീടിന് മുകളിൽ മരം കടപുഴകി വീണ് മേൽക്കൂരയും, ഞാലിയും ഭാഗികമായി തകർന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുട്ടിക്കുന്ന് ആമ്പിലാട് റോഡിലെ റിട്ട: സബ്ബ് രജിസ്ട്രാർ എം.വി.മോഹനന്റെ കാർപോർച്ചിനും, മതിലിനും തെങ്ങ് കടപുഴകി വീണ് കേട് പറ്റി. മാങ്ങാട്ടിടം, വേങ്ങാട്, ചിറ്റാരിപ്പറമ്പ് ,കോട്ടയം, പഞ്ചായത്തുകളിലെ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
പാനൂർ: മേലെചമ്പാട് വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ് താഴെ ചമ്പാട്ടെ വിദ്യാഭവൻ പ്രിൻസിപ്പൽ എം.കെ. സതീശന് പരിക്കേറ്റു. കുട്ടികളടക്കം വീടിന്റെ മുൻവശത്തുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീട്ടിന്റെ മുൻവശത്തെ ഞാലി ഭാഗികമായി തകർന്നു.
പാപ്പിനിശ്ശേരി: കാറ്റിൽ ധർമക്കിണർ, പഴഞ്ചിറത്താവ, കരിക്കൻ കുളം, കോലത്തുവയൽ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം . ധർമക്കിണർ രണ്ടാം വാർഡിൽ പൊയ്യിൽ സരേന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണു. പള്ളിക്കുന്നമ്മേൽ നാരായണിയുടെ വീട്ടിന് മുകളിൽ മരം പൊട്ടിവീണു. ധർമക്കിണർ മൂന്നാം വാർഡിൽ സി പുരഷോത്തമന്റെ വീടിന് മുകളിൽ പ്ലാവ് പൊട്ടിവീണ് വീട് തകർന്നു. സി രത്നാകരന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ് ഭാഗികമായി കേട് സംഭവിച്ചു. രണ്ടാം വാർഡിലെ കെ. സതീശന്റെയും സൗന്ദറിന്റെയും വാഴത്തോട്ടത്തിൽ വ്യാപകമായ നാശമുണ്ടായി. വ്യാപകമായി കൃഷിനാശവുമുണ്ടായി.
മയ്യിൽ: കനത്ത കാറ്റിലും മഴയിലും കൊളച്ചേരി നാറാത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ കൃഷി നാശം സംഭവിച്ചു. പലയിടത്തും വൻ മരങ്ങൾ കടപുഴകി വീണു. പല ഭാഗങ്ങളിലും വൈദ്യുതി ലൈനും പൊട്ടി വീണിട്ടുണ്ട്. ഇന്നലെ വൈകട്ടോടെയാണ് വൈദ്യുതി ബന്ധം ഭാഗികമായി പുനസ്ഥാപിച്ചത്. കൊറ്റാളി, മാതോടം ,മലോട്ട് വയലുകളിലായി മൂവായിരത്തോളം വാഴകൾ നശിച്ചു.