കാസർകോട് : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എൻ.എച്ച് അൻവറിന്റെ നാലാം ഓർമ്മ ദിനത്തോടനുബന്ധിച്ച് സി.സി.എൻ ഉദുമയുടേയും സി.ഒ.എ കാസർകോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ബദിയഡുക്ക ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജിലേക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ധാരണയായി.
അൻവറിന്റെ ചരമദിനമായ മേയ് ഏഴിന് ജില്ലയിൽ 'അൻവറോർമ' എന്ന പേരിൽ നടത്തിവരാറുള്ള മാദ്ധ്യമ പുരസ്‌ക്കാര വിതരണവും അനുസ്മരണ പരിപാടിയും ലോക്ക് ഡൗണിനെ തുടർന്ന് മാറ്റി വെച്ചിരുന്നു. ഇതിന്റെ ചെലവിലേക്കായി വകയിരുത്തിയ തുക കൂടി വിനിയോഗിച്ചാണ് കേബിൾ ടി.വി. ഓപ്പറേറ്റർമാർ കൊവിഡ് ആശുപത്രിയിൽ സൗജന്യമായി ബ്രോഡ്ബാന്റ് കണക്ഷനും വൈഫൈ ഹോട്ട് സ്‌പോട്ടും സ്ഥാപിക്കുന്നത്. ജില്ലാ കളക്ടർ ഡോ.സജിത് ബാബു, സ്‌പെഷ്യൽ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജരുമായ ഡോ.രാമൻ സ്വാതി വാമൻ എന്നിവരുമായി സി.ഒ.എ ജില്ലാ സെക്രട്ടറി എം.ആർ അജയൻ, സി.സി.എൻ എം.ഡി ടി.വി മോഹനൻ, കേരളാവിഷൻ ഡയറക്ടർ ഷുക്കൂർ കോളിക്കര എന്നിവർ സംസാരിച്ച് സേവനം സംബന്ധിച്ച നടപടികൾ ഉറപ്പാക്കി.
ഇതിനായി 10 കിലോ മീറ്ററോളം പുതിയ ഫൈബർ ശൃംഖല, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവ സ്ഥാപിക്കും. ഇതിന് രണ്ടര ലക്ഷത്തോളം രൂപ ചെലവ് വരും. പദ്ധതി നിലവിൽ വരുന്നതോടെ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിന് പുറമെ രോഗികൾക്കും നിശ്ചിത സമയത്തേക്ക് സൗജന്യ ബ്രോഡ് ബാന്റ് സേവനം ലഭ്യമാകും. അടുത്ത ദിവസം മുതൽ തന്നെ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.