പട്ടുവം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കാതെ നടക്കുന്നവരെ പൊലീസ് വിരട്ടുകയും പിഴ ഈടാക്കുകയുമാണ്. എന്നാൽ ഇങ്ങനെ മാസ്ക് ധരിക്കാൻ ആളുകളെ നിർബന്ധിക്കുമ്പോൾ തളിപ്പറമ്പ് നഗരത്തിലെ ഈ ബോർഡ് ആളുകളെ ആശയക്കുഴപ്പത്തിലാക്കും. ആരോഗ്യവകുപ്പും നഗരസഭയും വച്ചിരിക്കുന്ന ബോർഡിൽ മാസ്ക് ധരിക്കേണ്ടവർ പ്രകടമായ രോഗലക്ഷണമുള്ളവർ, രോഗിയെ പരിചരിക്കുന്നവർ എന്നിവരാണെന്നാണ് പറയുന്നത്. മാസ്കിന്റെ അനാവശ്യ ഉപയോഗം ദോഷം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മാസ്ക് പൊതുസ്ഥലങ്ങളിൽ നിർബന്ധമാക്കുന്നതിന് മുമ്പ് സ്ഥാപിച്ച ബോർഡാണിത്. എന്നാൽ സർക്കാർ മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും ഈ ബോർഡ് മാറ്റിയിട്ടില്ല. ഇതാണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നത്. മാസ്‌ക് ഇല്ലാതെ നടന്നാൽ ഒന്നാമത്തെ തവണ 200 രൂപയും ആവർത്തിച്ചാൽ 5000 രൂപയും പിഴ ചുമത്തുമെന്നാണ് സർക്കാർ അറിയിപ്പ്.
മാത്രമല്ല, ബാങ്കുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾക്ക് മുന്നിൽ മാസ്ക് ധരിക്കാതെ പ്രവേശിക്കരുതെന്ന ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ബാങ്കുകളിൽ മാസ്കില്ലാതെ പ്രവേശിക്കുന്നവർക്ക് സേവനം ലഭ്യമല്ലെന്നും പറയുന്നു. അങ്ങനെയിരിക്കെയാണ് മാസ്ക് എല്ലാവർക്കും ആവശ്യമില്ലെന്ന ബോർഡ് മാറ്റാതെ അധികൃതർ ആശയക്കുഴപ്പമുണ്ടാക്കുന്നത്.