മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷാരംഭത്തിന് മുമ്പ് വിതരണം ചെയ്യാറുള്ള യൂണിഫോം തുണിക്കൊപ്പം പത്ത് സെ.മി. തുണി കൂടി നൽകണമെന്നും, തുന്നൽകൂലിക്കൊപ്പം പത്ത് രൂപ മാസ്‌ക് തുന്നാൻ കൂടി അനുവദിക്കണമെന്നും ജനശബ്ദം പ്രവർത്തക സമിതി പുതുച്ചേരി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരോട് ഫാക്‌സ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
ജോലിക്ക് പോകാനാവാതെ വീട്ടിൽ കഴിയുന്ന കൂലിവേല ചെയ്യുന്ന കുടുംബങ്ങൾക്ക് ബാങ്ക് ലോൺ തിരിച്ചടവ്, വൈദ്യുതി ടെലഫോൺ ബില്ലുകൾ എന്നിവ പിഴകൂടാതെ അടക്കാൻ മൂന്ന് മാസത്തെ സാവകാശം അനുവദിക്കണമെന്നും ജനശബ്ദം ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മറവിൽ ചില പൊലീസുകാർ നിയമം കൈയിലെടുക്കുകയാണെന്നും സൂം വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ടി.എം. സുധാകരൻ, ഇ.കെ. റഫീഖ്, ദാസൻ കാണി, കെ.വി. ജയകുമാർ, എം.പി. ഇന്ദിര, ജസീമ മുസ്തഫ, സുരേഷ് പന്തക്കൽ എന്നിവർ സംസാരിച്ചു.