കാഞ്ഞങ്ങാട് :നാട്ടിൽ പോകുന്നതിന് താൽപര്യം അറിയിച്ച ജില്ലയിൽ നിന്നുള്ള അന്യസംസ്ഥാനതൊഴിലാളികളുടെ ആദ്യ സംഘം ജാർഖണ്ഡിലേക്ക് പുറപ്പെട്ടു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ അണുമുക്‌തമാക്കി സജ്ജീകരിച്ച ട്രെയിൻ രാത്രി എട്ടോടെയാണ് യാത്ര തിരിച്ചത്.
ആരോഗ്യ കേന്ദ്രങ്ങളിലെ വൈദ്യ പരിശോധനക്കു ശേഷം പകൽ മൂന്നോടെ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തോടൊപ്പമാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ തൊഴിലാളികൾ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ സൗകര്യം കുറവായതിനാൽ പഴയ ബസ് സ്റ്റാൻഡിലാണ് ബസ്സുകൾ പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കിയത്. അവിടെ നിന്ന് ഊഴമിട്ട് ബസ്സുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ട്രെയിനിൽ കയറി എന്ന് ഉറപ്പു വരുത്തിയാണ് മടങ്ങിയത്. തൃക്കരിപ്പൂർ പഞ്ചായത്തിൽനിന്നാണ് കൂടുതൽ അതിഥി തൊഴിലാളികൾ ജാർഖണ്ഡിലേക്ക് പോയത്. 215 പേർ. കാഞ്ഞങ്ങാട് നഗരസഭയിലെ 16 പേരാണ് ആദ്യമെത്തിയത്. ഇവരെ യാത്രയയക്കാൻ നഗരസഭാ ചെയർമാൻ വി വി രമേശശൻ, സെക്രട്ടറി ഗിരീഷ്, കൗൺസിലർമാരായ മഹമൂദ് മുറിയനാവി, എൻ ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
ചെമ്മനാട് - 27, അജാനൂർ -32, പടന്ന - 10, ചെറുവത്തൂർ -10, കയ്യൂർ-ചീമേനി - 4, ബദിയടുക്ക- 37 എന്നിങ്ങനെ നേരത്തേ രജിസ്റ്റർ ചെയ്തവരാണ് യാത്രക്കെത്തിയത്. നോൺ സ്റ്റോപ്പായി ഓടുന്ന ട്രെയിനിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് പൈലറ്റ്, ഗാർഡ് എന്നീ റെയിൽവേ ഉദ്യോഗസ്ഥർ മാത്രമേ ഉള്ളൂ. 20 ബോഗികളുള്ള ട്രെയിൻ എ.സി കോച്ചുകളും പാസഞ്ചർ കോച്ചുകളും ഒഴിവാക്കി സജ്ജീകരിച്ചതാണ്.