പയ്യന്നൂർ: പയ്യന്നൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ സംഘടിതമായി തെരുവിലിറങ്ങി. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികൾ തെരുവിലിറങ്ങിയത്.പയ്യന്നൂർ തായിനേരിയിലും പരിസരങ്ങളിലുമായി താമസിക്കുന്ന നൂറിലേറെവരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ഇന്നലെ രാവിലെ പ്രതിഷേധവുമായി കൂട്ടം ചേർന്ന് എത്തിയത്.
തായിനേരി റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ ഒത്ത് കൂടിയ തൊഴിലാളികൾ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ചിനൊരുങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അവരെ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീനും പൊലീസ് ഉദ്യോഗസ്ഥരും ഇവരെ പിന്തിരിപ്പിക്കുകയും ക്യാമ്പുകളിലേക്ക് മടക്കി അയക്കുകയുമായിരുന്നു. അതേസമയം പ്രതിഷേധം ആസുത്രിതമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരുവിലിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയാൽ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ ഫോൺ ചെയ്ത് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്ക് ആരാണ് ഫോൺ ചെയ്തത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിൽ രണ്ടുപേരുടെ ഫോൺ നമ്പറുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേ സമയം രാമന്തളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി എന്ന നിലയിൽ പ്രചരിക്കുന്ന വീഡിയോ ശരിയല്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കോൺട്രാക്ടർമാരുടെ കീഴിലുള്ള തൊഴിലാളികൾക്ക് ഭക്ഷണം നല്‌കേണ്ട ഉത്തരവാദിത്തം അതാത് കോൺട്രാക്ടർമാർക്കാണ്. .ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് പഞ്ചായത്ത് ഭക്ഷണം നല്കുന്നുണ്ട്. 549 തൊഴിലാളികൾ പേര് രജിസ്റ്റർ ചെയ്തതിൽ 182 തൊഴിലാളികൾക്ക് പഞ്ചായത്ത് ഭക്ഷണസാധനങ്ങൾ നല്കുന്നുണ്ട്. മറ്റുള്ളവർക്ക് ഭക്ഷം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നപ്പോൾ തന്നെ കോൺട്രാക്ടറെ ബന്ധപ്പെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .അവർക്ക് ഭക്ഷണത്തിനുള്ള പണം നൽകുന്നുണ്ടെന്നാണ് കോൺട്രാക്ടർ അറിയിച്ചത്. വസ്തുത ഇതായിരിക്കെ തെറ്റായ രീതിയിൽ വീഡിയോ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.