prakkoozham
പ്രക്കൂഴം ചടങ്ങിന്റെ ഭാഗമായി ഇക്കരെ കൊട്ടിയൂരിൽ നടന്ന തണ്ണീർകുടി ചടങ്ങ്‌

കൊട്ടിയൂർ: ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ മുഴുവൻ ചടങ്ങുകളുടെയും നാളുകളും സമയക്രമങ്ങളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിൽ നടന്നു.ക്ഷേത്ര അടിയന്തരക്കാർ,സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് വൈശാഖ മഹോത്സവ തീയതി കുറിച്ചത്.അടിയന്തിര യോഗശേഷം തണ്ണീർകുടി ചടങ്ങാണ് നടന്നത്.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെയായി കല്ലുവാഴയുടെ ഏഴ് ഇലകളിൽ തേങ്ങയും ശർക്കരയും പഴവും വെച്ച് തണ്ണീർകുടി ചടങ്ങ് നടന്നു.ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ,പെരുവണ്ണാൻ,ജന്മാശാരി,പുറങ്കലയൻ,കൊല്ലൻ,കാടൻ എന്നിവരാണ് ചടങ്ങ് നടത്തിയത്.ഇക്കരെ കൊട്ടിയൂരപ്പനെ വണങ്ങി ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് രഹസ്യ വഴിയിിലൂടെ നടന്ന് മന്ദംചേരി കിഴക്കെ നടയിലെത്തി വലിയ മാവിൻചുവട്ടിൽ കർമ്മങ്ങൾ നടത്തി പ്രസാദം പരസ്പരം പങ്കുവെച്ചു.തുടർന്ന് ഒറ്റപ്പിലാനും പുറങ്കലയനും ചേർന്ന് കിഴക്കെനടയ്ക്ക് സമീപം ബാവലിപ്പുഴയിൽ മുങ്ങി മൂന്ന് കല്ലുകളെടുത്ത് വാവലിക്കെട്ടിനായി വെച്ചു.തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കുന്നതിനാണ് വാവലിക്കെട്ട് നടത്തുന്നത്.തുടർന്ന് അവിൽ അളവ് നടന്നു.

ഇതിനുശേഷം ഊരാളന്മാർ വാവലിയിൽ കുളിച്ച് ഈറനായി ഇക്കരെ ക്ഷേത്രത്തിലെത്തിയശേഷം നെല്ലളവും നടന്നു.പാരമ്പര്യ ഊരാളന്മാരായ കരിമ്പനക്കൽ ചാത്തോത്ത് വേലായുധൻ നായർ,ആക്കൽ ദാമോദരൻ നായർ,തിട്ടയിൽ ബാലൻ നായർ എന്നിവരുടെയും ഏഴില്ലക്കാരുടെയും നേതൃത്വത്തിലാണ് പ്രക്കൂഴം ചടങ്ങ് നടന്നത്.രാത്രിയിൽ ആയില്യാർക്കാവിൽ ഗൂഢപൂജ ക്ഷേത്ര ജന്മശാന്തി പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തി. നിഗൂഢ പൂജകൾക്ക് ശേഷം പ്രസാദമായി അപ്പടയും നൽകി.കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലവും മാസ്‌കും ധരിച്ചാണ് ചടങ്ങുകൾ നടത്തിയത്.ഭക്തജനങ്ങൾക്കും മറ്റ് അടിയന്തിരക്കാർക്കും പ്രവേശനം ഉണ്ടായിരുന്നില്ല.