കാസർകോട് : നന്ദിയും കടപ്പാടും വാക്കുകളിലൊതുക്കാതെ കൊവിഡ് ഭേദമായ എരിയാലിലെ ഉമ്മത്ത് കോമ്പൗണ്ടിലെ കുടുംബം ഒരു ലക്ഷം രൂപയാണ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു മഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഈ കുടുംബത്തിലെ ആറു പേർക്കാണ് ഒന്നിനു പിറകെ ഒന്നായി കൊവിഡ് സ്ഥിരീകരിച്ചത്.
മാർച്ച് 16 ന് ദുബായിയിൽ നിന്ന് വന്ന അലി അസ്‌കറിനാണ് മാർച്ച് 21 ന് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 27 ന് ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമത്ത് സഹ്സിയക്കും പിന്നീട് അലി അസ്‌കറിന്റെ ഉമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് അലി അസ്‌കറിന്റെ ജേഷ്ടന്റെ ഭാര്യ ജസീലയ്ക്കും പിന്നീട് ഏപ്രിൽ ഏഴിന് ജസീലയുടെ എട്ടും പത്തും വയസ്സുള്ള രണ്ട് പെൺ മക്കൾക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ അഞ്ച് പേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുക്കളുടെ ഉൾപ്പെടെ അഞ്ച് വീടുകൾ പൂർണ്ണമായും ഐസൊലേറ്റ് ചെയ്തു. കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേരെ രോഗം ബാധിച്ചപ്പോഴുണ്ടായ പ്രയാസവും മാനസിക വേദനയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും പല ഭാഗത്ത് നിന്നുണ്ടായപ്പോഴും സർക്കാറിന്റെ കരുതലും സഹായവും ഏറെ സന്തോഷം നൽകിയതായി' അസ്‌കറിന്റെ സഹോദരൻ മഹമൂദ് പറഞ്ഞു. കാസർകോട്, കാഞ്ഞങ്ങാട് ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരിൽ നിന്ന് ലഭിച്ച സ്‌നേഹവും ഇവർ നൽകിയ ആത്മധൈര്യവും ജീവിതത്തിൽ മറക്കില്ലെന്നും ഇവർ പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് പോലും ലഭിക്കാൻ സാധ്യതയില്ലാത്ത പരിചരണമാണ് ആശുപത്രികളിൽ നിന്ന് ലഭിച്ചത്. ഇഷ്ടപ്പെട്ട, ആവശ്യപ്പെട്ട ഭക്ഷണമാണ് എല്ലാ ദിവസവും ലഭിച്ച് കൊണ്ടിരുന്നതെന്ന് അലി അസ്‌കറിന്റെ ഉമ്മ റുഖിയ ഇബ്രാഹിം പറഞ്ഞു.