കാസർകോട്: ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട കാസർകോട് ജില്ല ഭീതിമുക്തമാകുന്നു. 178 പേരിൽ ഇനി ഒരാൾക്ക് മാത്രമാണ് രോഗം ഭേദമാകാനുള്ളത്. ബദിയടുക്ക ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
മൂന്ന് രോഗികളിൽ രണ്ടുപേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവായി. രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. 227 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ കഴിഞ്ഞ ഒരാഴ്ചയായി കാസർകോട് ജില്ലാ ആശ്വാസത്തിലായിരുന്നു. ഗൾഫ് നാടുകളിലെ സഹോദരങ്ങൾ നാട്ടിലെത്തുന്നതിന്റെ ശുഭപ്രതീക്ഷയിലാണിപ്പോൾ നാട്.
രക്ഷയായത്
വിദഗദ്ധ പരിചരണവും
ട്രിപ്പിൾ ലോക്ക് ഡൗൺ
കടുത്ത വെല്ലുവിളികളെ അതിജീവിച്ച് കൊവിഡിനെ തുരത്തുന്നതിൽ ആരോഗ്യവകുപ്പും പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അശ്രാന്ത പരിശ്രമമാണ് വിജയത്തിലെത്തുന്നത്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും കർശനമായ നിലപാടുകളും സ്വീകരിച്ചതിന്റെ ഫലം കൂടിയാണിത്. ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്തുകൾ മാത്രമാണ് ഇപ്പോൾ ഹോട്ട്സ്പോട്ട്. ഉണർന്നുപ്രവർത്തിച്ച സർക്കാർ സംവിധാനം ഏറ്റവും വലിയ വിജയമാണ് കാസർകോട്ട് നേടിയത്.
കൊവിഡ് ആശുപത്രികളുടെ എണ്ണം കൂട്ടി ഐസൊലേഷൻ വാർഡുകളിൽ വിദഗ്ധ പരിചരണം നൽകി. കാസർകോട് മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയാക്കി, കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകളുണ്ടാക്കി മെച്ചപ്പെട്ട ചികിത്സ നൽകി. തിരുവനന്തപുരം, കോട്ടയം ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ വിദഗ്ധ മെഡിക്കൽ സംഘത്തെ കാസർകോടെത്തിച്ചു. രോഗബാധിത മേഖലകൾ കണ്ടെയിൻമെന്റ് സോണാക്കി സഞ്ചാരം തടഞ്ഞു. ഇതോടെ ആറു പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി കൊവിഡ് ഒതുങ്ങി നിന്നു.