കാസർകോട്: ഏറ്റവും കൂടുതൽ കൊവിഡ് രോഗ വ്യാപനത്തിന്റെ ഭീഷണിയിൽ അകപ്പെട്ട് ഭയാനകമായ അന്തരീക്ഷം രൂപപ്പെട്ടിരുന്ന കാസർകോട് മോചനത്തിലേക്ക്. 178 പേർ കൊവിഡ് രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന കാസർകോട് ഇനി അവശേഷിക്കുന്നത് ഒരാൾ മാത്രം. ബദിയടുക്ക ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
മൂന്ന് രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്നതിൽ രണ്ടുപേർക്ക് ഇന്നലെ കൊവിഡ് നെഗറ്റീവായി. രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. 227 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. പുതിയ പോസിറ്റിവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ കഴിഞ്ഞ ഒരാഴ്‍ചയായി കാസർകോട് ജില്ലാ ആശ്വാസത്തിലായിരുന്നു. ഗൾഫ് നാടുകളിലെ സഹോദരങ്ങൾ നാട്ടിൽ എത്തുന്ന സുദിനത്തിലാണ് കാസർകോട് ശുഭപ്രതീക്ഷയിലാകുന്നത്. കടുത്ത വെല്ലുവിളികളെ അതിജീവിച്ചു കൊവിഡിനെ തുരത്തുന്നതിൽ ആരോഗ്യവകുപ്പും പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അശ്രാന്ത പരിശ്രമം വിജയത്തിലേക്ക് അടുക്കുകയാണ്.
ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും കർശനമായ നിലപാടുകളും സ്വീകരിച്ചു ജില്ല മുഴുവൻ അടച്ചുപൂട്ടി ആളുകളെ പുറത്തിറങ്ങാതാക്കി സമ്പർക്കം കുറക്കുകയും നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു നേടിയ വിജയമാണിത്. ഹോട്‌സ്‌പോട്ടുകൾ ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്തുകൾ മാത്രമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുണ്ടായ ജില്ലയായിരുന്നു കാസർകോട്. രോഗഭീതി വർദ്ധിച്ചതോടെ തുടക്കം മുതൽ ഉണർന്നു പ്രവർത്തിക്കുകയും കൊവിഡ് ആശുപത്രികളുടെ എണ്ണം കൂട്ടി ഐസൊലേഷൻ വാർഡുകളിൽ വിദഗ്ധ പരിചരണം നൽകുകയും ചെയ്തു. പണിതുകൊണ്ടിരുന്ന കാസർകോട് മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയാക്കി. കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകളുണ്ടാക്കി രോഗികളെ പാർപ്പിച്ചു മെച്ചപ്പെട്ട ചികിത്സ നൽകി. തിരുവനന്തപുരം, കോട്ടയം ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ വിദഗ്ധ മെഡിക്കൽ സംഘത്തെ കാസർകോടെത്തിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രത്യേക ശ്രദ്ധപതിപ്പിച്ചു. രോഗബാധിത മേഖലകൾ കണ്ടെയിൻമെന്റ് സോണാക്കി ജനങ്ങളുടെ സഞ്ചാരത്തെ തടഞ്ഞു.
ജാഗ്രതയോടെയുള്ള പ്രവർത്തനവും കൃത്യമായ ഏകോപനവുമാണ് ഘട്ടംഘട്ടമായി കാസർകോടിനെ രക്ഷിക്കാൻ പര്യാപ്തമായത്. ഒരു മാസത്തിനകം തന്നെ മിക്കരോഗികളുടെയും രോഗം ഭേദമായി. കളക്ടർ ഡോ.ഡി സജിത്ത് ബാബു, സ്‌പെഷ്യൽ ഓഫീസർ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ, ഡി.എം.ഒ ഡോ രാംദാസ്, സുരക്ഷയ്ക്കും നിയമപാലനവും നിർവ്വഹിച്ച ഐ.ജി വിജയ് സാക്കറെ, അശോക് യാദവ്, എസ്.പി പി.എസ് സാബു എന്നിവരുടെ കൂട്ടായ നേതൃത്വം കൊവിഡിനെ നാടുകടത്താൻ ഫലപ്രദമായി.