കാഞ്ഞങ്ങാട്: അന്യ സംസ്ഥാന തൊഴിലാളികൾ കയറിയ ജില്ലയിലെ നിന്നുള്ള ആദ്യ ട്രെയിൻ യാത്രയായി. 1053 തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ഇന്നലെ രാത്രി കാഞ്ഞങ്ങാട് നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്നുമുള്ള നിർദ്ദേശങ്ങളെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഓരോ അന്യ സംസ്ഥാന തൊഴിലാളികളെയും ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള താത്പര്യം അറിഞ്ഞ ശേഷം ലിസ്റ്റ് ജില്ലാ തലത്തിലേക്ക് കൈമാറി.
ഇന്നലെ രാത്രിയോടെ അന്തിമ ലിസ്റ്റ് തയ്യാറായി. 1270 പേരുടെ ലിസ്റ്റാണ് തയ്യാറായത്. അതിൽ 1249 പേരാണ് നാട്ടിലേക്ക് യാത്രയാവാൻ സന്നദ്ധരായിരുന്നതെങ്കിലും 1053 പേരാണ് യാത്രയ്ക്ക് തയാറായി ഇന്നലെ കാഞ്ഞങ്ങാട് എത്തിയത്. ഉച്ചയ്ക്ക് 12 ഓടെ ഇവരെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തി, കൊവിഡ് പരിശോധന നടത്തി നോൺ കോവിഡ് സർട്ടിഫിക്കേറ്റ് നൽകി.
ശേഷം ട്രെയിൻ ടിക്കറ്റും, അമ്പതു രൂപ ഭക്ഷണപ്പൊതിക്കുമായി തൊഴിലാളികളിൽ നിന്നും ഈടാക്കി. പരിശോധനാ സമയത്ത് അവർക്കുള്ള ഭക്ഷണം സൗജന്യമായി നൽകി. ഉച്ചയോടെ കെ.എസ്.ആർ.ടി.സി ബസിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു. രാത്രി 8.15ന് അധികൃതർ അന്യസംസ്ഥാന തൊഴിലാളികളെ യാത്രയാക്കി. ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു ട്രെയിനിന് പച്ചക്കൊടി കാട്ടി.