pic

കാസർകോട്: കാസർകോട്‌ നഗരസഭാ ആരോഗ്യവിഭാഗം പിടികൂടിയ ലഹരി ഉൽപന്നങ്ങൾ കാണാതായ സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം തുടങ്ങി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട്‌ കാസർകോട് നഗരസഭ സെക്രട്ടറി എസ്‌. ബിജു നൽകിയ പരാതിയിൽ ആണ് പൊലീസ്‌ അന്വേഷണം ആരംഭിച്ചത്. മൂന്നു മാസം മുമ്പ് കാസർകോട്‌ മാർക്കറ്റിലെ കടയിൽ നിന്നും പിടികൂടി സൂക്ഷിച്ച പാൻമാസാലകൾ ഉൾപ്പെടെ എട്ട്‌ ചാക്ക്‌ ലഹരിവസ്‌തുക്കൾ ആണ് നഗരസഭ കാര്യാലയത്തിൽ നിന്നും കാണാതായത്.

നഗരസഭയുടെ ഗോഡൗണിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ്‌ ലഹരിവസ്‌തുക്കൾ നഷ്ടപ്പെട്ടതറിഞ്ഞത്‌. എല്ലാവരുടെയും സ്വന്തക്കാരനായ ഒരു ജീവനക്കാരന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗത്തിലെ ചിലരുടെ മൗനാനുവാദത്തോടെ ലഹരി വസ്തുക്കൾ കടത്തിയതാണെന്ന വിവരം പുറത്തുവന്നിരുന്നു. പൊലീസിൽ പരാതി നൽകണമെന്ന സെക്രട്ടറിയുടെ നിർദേശം ആരോഗ്യ വിഭാഗം മുഖവിലക്ക് എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കാസർകോട്‌ പൊലീസിൽ സെക്രട്ടറി തന്നെ പരാതി നൽകിയത്‌. നഗരസഭാതല അന്വേഷണം നടത്തിയെങ്കിലും അത്‌ പ്രഹസനമായിരുന്നു. പൊലീസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌‌ സി.പി.എം ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.