ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ വൈദ്യുതി ഉപയോഗത്തിൽ വൻ ഇടിവ്. മുൻ വർഷത്തെ അപേക്ഷിച്ച് 25.06 ബില്ല്യൻ യൂണിറ്റ് വൈദ്യുതിയാണ് ഇത്തവണ മിച്ചം വന്നത്. വ്യവസായ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും താഴിട്ടതാണ് കാൽ ഭാഗത്തോളം ഉപയോഗം ഇടിയാൻ കാരണമായത്. ആളുകളെല്ലാം വീട്ടിൽ തങ്ങിയതിനാൽ ഗാർഹിക ഉപയോഗം കൂടിയെങ്കിലും മൊത്തം ഉപയോഗത്തെ ബാധിച്ചില്ല.
കഴിഞ്ഞ വർഷം ഏപ്രിലിൽ രാജ്യത്ത് 110.11 ബില്യൺ യൂണിറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ വർഷം ഏപ്രിലിൽ ഇത് 85.05 ബില്യൺ യൂണിറ്റായി കുറഞ്ഞു. 22.75 ശതമാനത്തിൻറെ ഇടിവാണ് ഊർജ്ജ ഉപഭോഗത്തിലുണ്ടായത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മാർച്ച് 25 ന് ആരംഭിച്ച ലോക്ക്ഡൗൺ മൂന്ന് തവണയായി മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. ഇതോടെ വ്യാവസായിക രംഗം കനത്ത തിരിച്ചടി നേരിട്ടു.
വൈദ്യുതി ഉപയോഗത്തിൽ കുറവ് സംഭവിച്ചെങ്കിലും ഇക്കാലയളവ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ആകെ തകിടം മറിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയും പട്ടിണിയും കൂടിയതോടെ രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ പോലും ഭിക്ഷാടനം പെരുകിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളും കൂട്ടത്തോടെയാണ് മാസ്ക് പോലും ധരിക്കാതെ തെരുവുകളിൽ പണത്തിനായി കൈ നീട്ടി അലയുന്നത്.
ഈ വർഷം ഏപ്രിലിലെ ഏറ്റവും ഉയർന്ന ഊർജ്ജ ആവശ്യം (പീക്ക് ഡിമാൻഡ്) 132.77 ഗിഗാ വാട്ടാണ്. കഴിഞ്ഞ വർഷം ഉപയോഗിച്ചത് 176.81 ജിഗാ വാട്ടായിരുന്നു. ചില സംസ്ഥാനങ്ങളിൽ വേനൽ മഴ ലഭിച്ചത് ഗാർഹിക വൈദ്യുതി ഉപഭോഗത്തെയും ബാധിച്ചിട്ടുണ്ട്. സർക്കാർ ഇളവുകൾ അനുവദിച്ചാലും തൊഴിലാളികൾ പല സംസ്ഥാനങ്ങളിലായി ചിതറിപ്പോയതോടെ വ്യവസായ സ്ഥാപനങ്ങൾ വേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കാനും സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. മഴക്കാലം വൈകാതെ എത്തുന്നതോടെ വൈദ്യുതി ഉപയോഗത്തിൽ പിന്നെയും കുറവുണ്ടാക്കാൻ കാരണമാകും.