കണ്ണൂർ: സംസ്ഥാനത്ത് കെട്ടിട നിർമ്മാണ മേഖയ്ക് ലോക്ക്ഡൗൺ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം അനുഭവിക്കാൻ കഴിയാതെ കെട്ടിട നിർമ്മാതാക്കൾ. ലോക്ക്ഡൗണിൽ സിമന്റ് വില വർദ്ധിപ്പിച്ചത് കമ്പനികളാണ്, അതല്ല നിർമ്മാണ കമ്പനികളാണെന്നുമുള്ള പരസ്പര ആരോപണം നിലനിൽക്കുമ്പോഴും കമ്പോളത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് കഴിയുന്നുമില്ല. അതിനിടെ വ്യാപാരികളാണ് വില വർദ്ധിപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെ പരാമർശം വലിയ വിമർശനത്തിന് ഇടയാവുകയും ചെയ്തു.
ലോക്ക്ഡൗണിന് മുമ്പ് സിമന്റിന് 395 മുതൽ 425 രൂപ വരെയാണ് കമ്പനികൾ നിശ്ചയിച്ച വില. 50 രൂപ വരെ വിലക്കിഴിവും നൽകിയിരുന്നു. സിമന്റ് വില്പന പുനരാരംഭിക്കാൻ സർക്കാർ അനുവദിച്ചതോടെ സിമന്റ് കമ്പനികൾ വിലക്കിഴിവ് പിൻവലിച്ചു. ഡീലർക്കുള്ള വില്പന വിലയിൽ 10 രൂപയും വർദ്ധിപ്പിച്ചു. ഇതുമൂലം ഡീലർമാർക്കു സിമന്റ് ലഭിക്കുന്നത് 435 രൂപയ്ക്കാണ്. കയറ്റിറക്ക് കൂലി, പ്രളയ സെസ്, ലാഭം, ജി.എസ്.ടി എന്നിവ ചേർക്കുമ്പോൾ വില പിന്നെയും വർദ്ധിക്കും. സിമന്റിന് സമാനമായി ജില്ലിക്കും കമ്പിക്കും വിലകൂടിയിട്ടുണ്ട്. നേരത്തെ ഉള്ളതിനേക്കാൾ അടിക്ക് 10ഉം 15ഉം രൂപ കൂട്ടിയാണ് ജില്ല വിൽക്കുന്നത്. ഒരടി ജില്ലിക്ക് 55 രൂപവരെ വില വാങ്ങുന്നവരുണ്ട്. ചുരുക്കത്തിൽ കൊവിഡ്ന് മുമ്പ് കെട്ടിടം പണിയാൻ തുടങ്ങിയവർ അവരുടെ എസ്റ്റിമേറ്റിന്റെ 15 ശതമാനമെങ്കിലും അധികം കാണേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.