expats-kerala

കണ്ണൂർ: പ്രധാനമായും പ്രവാസികളുടെ പണത്തെ ആശ്രയിച്ച് നിൽക്കുന്ന ജില്ലകളാണ് കാസർകോട്, കണ്ണൂർ, മലപ്പുറം എന്നിവ. എന്നാൽ മലബാർ മേഖലയിലെ ഈ ജില്ലകളിലല്ലാം ഇപ്പോൾ നിഴലിച്ച് നിൽക്കുന്നത് പൊതുവെ മ്ളാനതയാണ്. തിരിച്ച് പോകൽ സാധ്യമാണോ? എങ്കിൽതന്നെ എപ്പോൾകഴിയും എന്നതാണ് നാട്ടിലെത്തിയവരെ പ്രധാനമായും അലട്ടുന്നത്. കോവിഡിനേക്കാൾ പ്രവാസികൾ ആശങ്കപ്പെടുന്നത് ഭാവിയെ കുറിച്ചാണ്. തുടങ്ങി വച്ച നിർമ്മാണ പ്രവർത്തനങ്ങൾ, മക്കളുടെ വിദ്യാഭ്യാസം, വായ്പ, ചികിത്സ, ജീവിത ചെലവ് എന്നുവേണ്ട ഒരു കാര്യത്തിലും ഒരു എത്തുംപിടിയും ഇല്ല. ഇവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പകച്ചുനിൽക്കുകയാണ്.

മലപ്പുറം കൊടുവള്ളിയും കാസർകോടും സ്വർണവ്യാപാരത്തിന് പേരുകേട്ട നഗരങ്ങളാണ്. കാസർകോട് നയാ ബസാർ എന്ന പ്രദേശം ഗൾഫിൽനിന്നുമുള്ള ഇലട്രോണിക്സ് ഉത്പ്പന്നങ്ങളുടെ അറിയപ്പെടുന്ന വിപണന കേന്ദ്രമാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ ചെറിയൊരു മാർക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നത്. സമാന്തര സാമ്പത്തിക വ്യവസ്ഥ, സമാന്തര എംബസി എന്നിവപോലും ഇവിടുങ്ങളിൽ സ്വകാര്യമായി പ്രവർത്തിച്ചിരുന്നു. നിതാഖത്തിന് ശേഷം രണ്ടാമത്തെ ദുസ്വപ്നമാണ് ഇവർക്ക് കൊവിഡ് കാലം.

1980ന് ശേഷമാണ് കൊടുവള്ളി രാജ്യശ്രദ്ധയിലേക്ക് വളർന്നത്. സ്വർണ വ്യാപാരം തന്നെ പ്രധാന കാരണം. ചെറിയൊരു ഗ്രാമമായിരുന്ന കൊടുവള്ളി അങ്ങാടി ഗൾഫ് കുടിയേറ്റത്തിന് ശേഷമാണ് കുതിച്ചു വളർന്നത്. ഏത് വീട്ടിലും ഒന്നോ രണ്ടോ പ്രവാസികൾ കൊടുവള്ളിയിലുണ്ട്. കൊടുവള്ളിയെന്ന ചെറുപട്ടണത്തിലൂടെ പോകുമ്പോൾ കാണാം, നിരനിരയായി സ്വർണ്ണക്കടകൾ. ഇതെല്ലാം ഗൾഫ് തന്ന പൊന്നും പണവുമാണ്. നിതാഖാത്ത് ചെറിയ പ്രഹരമല്ല ഈ ചെറുപട്ടണത്തിന് മേൽ ഏൽപ്പിച്ചിരുന്നത്. ആ പ്രതിസന്ധിയിൽനിന്ന് കാസർകോടും കൊടുവള്ളിയും പോലുള്ള പട്ടണങ്ങൾ കര കയറി വരുന്നതേയുള്ളൂ. പിന്നാലെയാണ് പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന കൊവിഡ് പ്രതിസന്ധി തലയിൽ വീണത്. തൊഴിൽ നഷ്ടവും കൊവിഡ് പശ്ചാത്തലത്തിലുള്ള ഗൾഫിലെ സാമ്പത്തിക മാന്ദ്യവുമാണ് ബിസിനസ് സാമ്പത്തിക മേഖലയെ തകർക്കുന്നത്. 2019ൽ പ്രവാസികൾ കേരളത്തിലേക്ക് അയച്ചത് 68,841 കോടി രൂപയാണ്. കൊവിഡിന് ശേഷം ഇത് പകുതിയോളം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

കാസർകോടും കൊടുവള്ളിയും കേവലം സാമ്പിളുകൾ മാത്രമാണ്.

ഗൾഫ് പണമൊഴുക്ക് കുറയുന്നത് ചില്ലറ വിൽപ്പന മേഖലയെ ബാധിക്കും. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ടൂവീലറുകൾ, കാറുകൾ എന്നിവയുടെ വിൽപ്പനയിൽ വലിയ ഇടിവുണ്ടാകും. ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം എന്നാണ് കണക്ക്. ഇത് പിൻവലിക്കാൻ മടങ്ങി എത്തുന്നവർ നിർബന്ധിക്കപ്പെടും. നിക്ഷേപമില്ലാത്ത ബാങ്കുകൾ സാധാരണക്കാരന് വായ്പ കൊടുക്കാൻ താത്പര്യംകാട്ടില്ല. പണമില്ലെന്നതുതന്നെ കാരണം. ചുരുക്കത്തിൽ കേരളം ഇനി എന്താകും എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്നത് മടങ്ങി എത്തിയ പ്രവാസികൾ മാത്രമല്ല, സംസ്ഥാത്തുള്ളവർ മൊത്തത്തിലാണ്.