കണ്ണൂർ: ശക്തമായ ഇടപെടലുകളിലൂടെ കൊവിഡ് 19 നെ നിയന്ത്രണ വിധേയമാക്കിയ കണ്ണൂരിൽ ഇനി വൈറസ് ബാധ സംശയിക്കപ്പെടുന്നത് 120 പേർക്ക് മാത്രം. ഇവരുടെ ഫലം ലഭിക്കുന്നതോടെ രോഗികളുടെ എണ്ണം സംബന്ധിച്ച് അന്തിമ ഫലം ലഭിക്കും. റെഡ് സോണിൽ കഴിയുന്ന കണ്ണൂർ ഓറഞ്ചിലേക്ക് മാറാനും പടിപടിയായി കൊവിഡിൽ നിന്നും മുക്തി നേടാനും ഈ ഫലങ്ങൾ അനിവാര്യമാണ്. ശക്തമായ പൊലീസ് ഇടപെടലാണ് ഹോട്ട് സ്പോട്ട് മേഖലയിലടക്കം തുടരുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നതിനെതിരെ നടപടി കർശനമാക്കുമ്പോഴും ചിലർ ഇപ്പോഴും നിയന്ത്രണത്തോടെ മുഖം തിരിക്കുന്നുണ്ട്. എങ്കിലും ആദ്യ ദിവസത്തെ പോലെ പ്രയാസം ഇപ്പോഴില്ല.
ജില്ലയിൽ ഇപ്പോൾ 96 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 53 പേർ ആശുപത്രിയിലും 43 പേർ വീടുകളിലും കഴിയുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 34 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 18 പേരുമുണ്ട്. ഇന്നലെ എല്ലാ രോഗികളും ഒഴിഞ്ഞിരുന്നെങ്കിലും തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്നേക്ക് ഒരാളെ കൂടി ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ജില്ലാ ആശുപത്രിയിലെ രോഗികൾ എല്ലാവരും ഡിസ്ചാർജ് ആയി. ഇതുവരെ 4174 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4054 എണ്ണത്തിന്റെ ഫലമാണ് വന്നത്. ഇതിൽ 3808 എണ്ണം നെഗറ്റീവായപ്പോൾ തുടർ പരിശോധനയിൽ 127 എണ്ണമാണ് പോസറ്റീവ് ആയത്.
രോഗികളുടെ സമ്പർക്ക സാദ്ധ്യത കർശനമായി നിയന്ത്രിച്ചത് രോഗ വ്യാപനത്തെ ചെറുക്കാൻ സഹായിച്ചതാണ് ജില്ലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറയാൻ ഇടയാക്കിയത്. ഈ സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണം ലംഘിച്ച് ഇറങ്ങുന്നതിൽ നടപടി കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.