railway-track

കാസർകോട്: കളനാട് റെയിൽവെ സ്റ്റേഷനിൽ കർണ്ണാടകയിൽ നിന്ന് നടന്ന് വന്ന് വിശ്രമിക്കുകയായിരുന്ന ഏഴ്‌ പേരെ പൊലീസ് പിടികൂടി ക്വാറന്റൈനിലാക്കി. കൊല്ലം സ്വദേശികളായ നാല് മത്സ്യതൊഴിലാളികളെയും പിന്നാലെ എത്തിയ രണ്ട് ബീഹാർ സ്വദേശികളെയും ഒരു തമിഴ്‌നാട് സ്വദേശിയെയുമാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടി ക്വാറന്റൈനിലാക്കിയത്.

കളനാട് റെയിൽവെ സ്റ്റേഷനിൽ ഒരു സംഘം ആളുകൾ വിശ്രമിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സാമൂഹ്യ പ്രവർത്തകൻ മുഖാന്തിരം പൊലീസിനെ അറിയിക്കുകയായിരുന്നു. മേൽപ്പറമ്പ് സി.ഐ ബെന്നിലാലുവിന്റെ നേതൃത്വത്തിൽ ആംബുലൻസുമായി പൊലീസ് എത്തി നാല് പേരെ പിടികൂടി സർക്കാർ നിയന്ത്രണത്തിലുള്ള കാസർകോട്ടെ സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിൽ ആക്കുകയായിരുന്നു.

ഇതിൽ മൂന്ന് പേർ കൊല്ലം സ്വദേശികളും ഒരാൾ തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയുമാണ്. ഇവർക്ക് പിന്നാലെയാണ് തമിഴ്‌നാട്, ബിഹാർ സ്വദേശികളെയും പിടികൂടിയത്. കേരളത്തിൽ നിന്നും ട്രെയിൻ സർവ്വീസ് ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ നിന്നറിഞ്ഞാണ് ബിഹാർ സ്വാദേശികൾ മംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്. ഇത്തരത്തിൽ നിരവധി പേർ കാൽനടയായി സ്വദേശത്തേക്ക് മടങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകൻ കെ.എസ്. സാലി കീഴൂർ, നാട്ടുകാരായ ശശികണ്ടത്തിൽ , ഭാസ്‌കരൻ, സുരേഷ് എന്നിവരുടെ സഹായത്തോടെയാണ് കളനാട് റെയിൽവെ സ്റ്റേഷനിൽ വിശ്രമിക്കുന്നവരെ കണ്ടെത്താനായതെന്ന് മേൽപ്പറമ്പ് സി.ഐ.ബെന്നി ലാലു പറഞ്ഞു.