കണ്ണൂർ: നാട്ടിലെത്തിക്കാനുള്ള ഗതാഗത സൗകര്യം ഒരുക്കിതരണം എന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുടെ പേരിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഘടിതരായ ഒരുകൂട്ടം തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പയ്യന്നൂർ നഗരസഭക്കടുത്ത രാമന്തളി പഞ്ചായത്തിൽ ക്യാമ്പു ചെയ്യുന്ന തൊഴിലാളികളാണ് ഇവർ. കരാറുകാരനടക്കം 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിഷേധം കനപ്പിച്ചാലെ നിങ്ങൾക്ക് നാട്ടിലേക്ക് പോകാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകൂ എന്ന് ചിലർ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി.
മുപ്പതോളം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ പണമില്ലാതായതോടെയാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് കരാറുകാരൻ പറയുന്നു. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുണ്ടായില്ലെന്നും അയാൾ പറഞ്ഞു. എന്നാൽ നാട്ടിലേക്ക് പോകണമെന്ന് മാത്രമാണ് തൊഴിലാളികൾ ആവശ്യപ്പെട്ടതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
അതേസമയം ലോക്ക് ഡൗണിനെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ തുടരേണ്ടി വന്ന 1138 മദ്ധ്യപ്രദേശ് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി എട്ട് മണിക്കാണ് ഭോപ്പാലിലേക്ക് ട്രെയിൻ പുറപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലെ വിവിധ ക്യാംപുകളിലുള്ള 331 പേരാണ് സംഘത്തിലുള്ളത്. ഏറനാട്, കൊണ്ടോട്ടി, തിരൂർ, തിരൂരങ്ങാടി താലൂക്കിൽ നിന്നുള്ളവരാണ് തൊഴിലാളികൾ. പകുതി പേരും ഏറനാട് താലൂക്കിൽ നിന്നുള്ള തൊഴിലാളികളാണ്. എല്ലാവരുടേയും വൈദ്യപരിശോധന പൂർത്തീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 3785 അതിഥി തൊഴിലാളികളും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി 807 തൊഴിലാളികളും കോഴിക്കോട് നിന്ന് സ്വദേശത്തേക്ക് മടങ്ങി. ഝാർഖണ്ഡ്, ബീഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് ഇതുവരെ മടങ്ങിയത്. ബാക്കിയുള്ളവരുടെ മടക്കത്തിനുള്ള നടപടികൾ പുരോഗതിയിലാണ്. മുൻഗണനാ ക്രമത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.