covid-

ഗാന്ധിനഗർ: ഇന്ത്യയുടെ പടിഞ്ഞാറേ അതിർത്തിയിൽ പെട്ട സംസ്ഥാനമായ ഗുജറാത്ത് കൊവിഡിന് മുന്നിൽ മുട്ടിടിക്കുന്നു. രാജ്യത്തെ പ്രധാന നഗരമായ അഹമ്മദാബാദാണ് വൈറസ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറിയത്. സംസ്ഥാനത്ത് വൈറസ് വ്യാപനത്തിലൂടെ ഇതിനകം മരിച്ച 29ൽ 23പേരും അഹമ്മദാബാദ് ജില്ലയിൽ നിന്നാണ്. നാല് പേർ സൂറത്ത്​, മെഹ്‌സാന, ബനാസ്‌കന്ത എന്നിവിടങ്ങളിലും മരിച്ചു. തലസ്ഥാനത്തോട് അതിർത്തി പങ്കിടുന്ന ജില്ലയാണ് അഹമ്മദാബാദ്. ഇതാണ് ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്.

ഇതോട് ചേർന്നുള്ള സുരേന്ദ്രനഗർ, ഖേദ, പാലിന്റെ കേന്ദ്രമായ ആനന്ദ് എന്നിവിടങ്ങളെയും അഹമ്മദാബാദ് ആശങ്കയിലാക്കിയിട്ടുണ്ട്. പരസ്പര സമ്പർക്കം രോഗം തങ്ങളുടെ നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കാമെന്നാണ് ജനത്തിന്റെ ഭയം. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കച്ച് മേഖലയും ഗുജറാത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ഏറ്റവും വലീയ ഭൂപ്രദേശമായ കച്ച് വഴി പാക്കിസ്ഥാൻ നുഴഞ്ഞ് കയറ്റം ഉണ്ടായേക്കുമോ എന്നതാണ് ആശങ്ക. കൊവിഡ് വ്യാപനം പാക്കിസ്ഥാനിലും രൂക്ഷമായതോടെ ഇത് അവസരമായി ശത്രുക്കൾ കാണാനും സാദ്ധ്യതയേറെയാണ്. മഹാരാഷ്​ട്രക്ക്​ പിന്നാലെയാണ് ഗുജറാത്തിലും കൊവിഡ്​ വ്യാപിക്കുന്നത്. ഏറ്റവും പ്രധാന നഗരമായ മുംബൈയിൽ വൈറസ് വ്യാപനം രൂക്ഷമായിരുന്നു.

ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 7012 ആയിട്ടുണ്ട്. ഇന്നലെ മാത്രം 388 പേർക്ക്​ രോഗം സ്ഥിരീകരിച്ചു​. 29 പേരാണ് 24 മണിക്കൂറിനിടെ മാത്രം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 425ആയി. ഇന്നലെ രജിസ്റ്റർ ചെയ്ത 388 കേസുകളിൽ 275 എണ്ണവും അഹമ്മദാബാദ് ജില്ലയിലാണ്. അതേസമയം സംസ്ഥാനത്ത്​ രോഗമുക്തി കൂടുന്നതായാണ്​ ആരോഗ്യവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയുടെ അവകാശ വാദം. രോഗമുക്തി നിരക്ക് രണ്ടാഴ്ച മുൻപ് 7.43 ശതമാനമായിരുന്നു. ഇപ്പോഴിത് 24.25 ശതമാനമായി ഉയർന്നു. 1,709 പേർ രോഗമുക്തരായെന്നും ഇവർ പറയുന്നു.

നിലവിൽ 4879 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. മരണ നിരക്ക് അഞ്ച് ശതമാനത്തിൽ നിൽക്കുന്നുമുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്ത 7,013 കേസുകളിൽ 4,991 കേസുകളും അഹമ്മദാബാദ് ജില്ലയിലാണ്​. സൂറത്തിൽ 799ഉം വഡോദരയിൽ 440 ഉം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കുറവും ഗ്രാമീണ മേഖലയിലെ ചികിത്സാ രംഗം ആധുനിക വത്കരിക്കപ്പെടാത്തതുമാണ് ഗുജറാത്തിന് വെല്ലുവിളിയാകുന്നത്.