pic

അർണാപുരി: മാവോയിസ്റ്റ് സാനിദ്ധ്യമേഖലയിൽ കൊവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ച കുടിയേറ്റ തൊഴിലാളികൾ ഇരുചെവിയറിയാതെ നാടു വിട്ടു. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ ദന്തേവാഡ ജില്ലയിൽ ക്വാറന്റൈനിൽ പ്രവേശിക്കപ്പെട്ട 22പേരാണ് ഇന്നലെ രാത്രിയോടെ രക്ഷപ്പെട്ടത്. തെലങ്കാനയിൽ നിന്ന് മടങ്ങിയെത്തിയ

തൊഴിലാളികളെ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് താമസിപ്പിച്ചിരുന്നത്. ജന്മനാടായ നഹാദിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് കർഷിക തൊഴിലാളികളായ ഇവരെ പാർപ്പിച്ചിരുന്നതെന്ന് ദന്തേവാഡ ജില്ലാ കളക്ടർ ടോപേശ്വർ വർമ്മ പറഞ്ഞു.

വ്യാഴാഴ്ച അരൻപൂരിലെത്തിയ ഇവരെയെല്ലാം ആരോഗ്യ സംഘം വൈദ്യപരിശോധന നടത്തിയായിരുന്നു ക്യാമ്പിൽ പ്രവേശിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണകൂടത്തെയും സെക്രട്ടറിയെയും വിവരം അറിയിച്ചെങ്കിലും ഇവർ ഇതുവരെ ജന്മനാട്ടിൽ എത്തിയിട്ടില്ലെന്നാണ് വിവരം. പിടികൂടിയാൽ വീണ്ടും നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. മാവോയിസ്റ്റുകളുടെ പ്രധാന പ്രദേശമായതിനാൽ ഭരണകൂടത്തിനും പൊലീസിനും നഹാദി ഗ്രാമത്തിൽ എത്താൻ സാദ്ധ്യമല്ലെന്ന് കളക്ടർ പറഞ്ഞു. മാവോയിസ്റ്റ് അക്രമം രൂക്ഷമായ സംസ്ഥാനത്ത് നിരവധി പേർ വിവിധ കാലങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.