പയ്യന്നൂർ: രാമന്തളിയിൽ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്. കരാറുകാരനെതിരെയും തമിഴ്നാട് സ്വദേശികളായ 13 തൊഴിലാളികളുടെയും പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്റെയും പേരിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.
കലാപത്തിന് പ്രേരണ നടത്തിയെന്ന വകുപ്പടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുപ്പതോളം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ പണമില്ലാതായതോടെയാണ് പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്ന് കരാറുകാരൻ പറയുന്നു. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുണ്ടായില്ലെന്നും കരാറുകാരൻ പറഞ്ഞു. എന്നാൽ നാട്ടിലേക്ക് പോകണമെന്ന് മാത്രമാണ് തൊഴിലാളികൾ ആവശ്യപ്പെട്ടതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.