കൂത്തുപറമ്പ്: വേങ്ങാടിനടുത്ത കിരാച്ചിയിൽ കനാലിൽ മലിനജലം കെട്ടി നിൽക്കുന്നത് പ്രദേശവാസികൾക്ക് തലവേദനയായി മാറി. വേങ്ങാട് - വട്ടിപ്രം റോഡിൽ കിരാച്ചി ബ്രദേഴ്സ് ക്ലബിന് സമീപത്തെ കനാലിലാണ് വ്യാപകമായി മലിനജലം കെട്ടി നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിൽ ഒഴുകിയെത്തിയ വെള്ളം പ്രധാനകനാലിൽ തന്നെ കെട്ടിനിൽക്കുകയായിരുന്നു.

ചപ്പുചവറുകളും, മാലിന്യങ്ങളും നിറഞ്ഞ് വെള്ളം പൂർണ്ണമായും വൃത്തിഹീനമായിരിക്കയാണ്. ദിവസങ്ങളായി മലിനജലം കെട്ടി നിൽക്കുന്നതിനാൽ പ്രദേശത്ത് ദുർഗന്ധം പരക്കുകയാണ്. മലിന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകാനും തുടങ്ങിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് പഴശ്ശി പ്രൊജക്ട് അധികൃതർക്കും, വേങ്ങാട്, മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടികളുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. കാലവർഷം ആരംഭിക്കാനിരിക്കെ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. അതോടൊപ്പം പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുകയാണ്.

കുടുക്കിയത് അശാസ്ത്രീയ നവീകരണം

അശാസ്ത്രീയമായ നവീകരണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയിട്ടുള്ളതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സമീപത്തെ 30 ഓളം വീട്ടുകാരാണ് ഇതിന്റെ ദുരിതം പേറി ജീവിക്കുന്നത്. സമീപകാലത്തായി റിപ്പയർ ചെയ്ത 150 മീറ്ററോളം ഭാഗത്താണ് മാലിന്യഭീഷണി.