nivedhanam
ചാലക്കര വയൽ ഓവുചാലിനോടനുബന്ധിച്ച് കൾവർട്ടുകൾ ഉയർത്തണമെന്നാവശ്യപ്പെട്ട് മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർക്ക് നിവേദനം നൽകുന്നു

മാഹി: ചാലക്കര വയൽ പ്രദേശത്തെ ഓവുചാലുകളുടെ ശുചീകരണം അവസാനഘട്ടത്തിലെത്തി. അതേസമയം റോഡിന് കുറുകെയായി താഴ്ന്ന നിലയിൽ നിൽക്കുന്ന എല്ലാ കൾവർട്ടുകളും ഉയർത്തി വെള്ളം സുഗമമായി ഒഴുകി പോകുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തുവന്നു.

ലോക്ക് ഡൗൺ ദിവസങ്ങളിൽ രാജ്യം നിശ്ചലമായപ്പോൾ ചാലക്കരയിലെ ഒരു പറ്റം യുവാക്കൾ രംഗത്ത് എത്തിയതോടെയാണ് മഴക്കാലങ്ങളിൽ വെള്ളക്കെട്ട് കൊണ്ടു ദുരിതമനുഭവിക്കുന്ന ചാലക്കര വയൽ പ്രദേശത്തെ മുഴുവൻ ഓവുചാലുകളും ശുചീകരിക്കാൻ തുടക്കം കുറിച്ചത്.

കൂറ്റേരി വീട്ടിൽ തഴെ, ചാത്തോത്ത് താഴെ, കേളോത്ത് താഴെ, കേരയുടെ വശം, കോരപ്പള്ളി താഴെ, ശ്രീ നാരായണമഠത്തിന്റെ പിൻവശം ഉൾപ്പെടെയുള്ള മുഴുവൻ കൈവഴികളിലൂടെയും പ്രധാന തോട്ടിലേക്ക് പോവുന്ന ഓവുചാലുകളാണ് ശുചീകരിച്ചത്. നാലോളം മുൻസിപ്പൽ ജീവനക്കാരുടെ സഹായത്തോടെ ഓവുചാലിന്റെ സ്ളാബുകൾ എടുത്തു മാറ്റിയാണ് മണ്ണുകൾ നീക്കം ചെയ്തത്. ചാലക്കര ചെമ്പ്ര വികസന സമിതിയുടെ പ്രവർത്തകരും നാട്ടുകാരും ചേർന്നതോടെയാണ് പ്രവൃത്തിക്ക് വേഗം കൂടിയത്.

ചെമ്പ്ര ചാലക്കര വയലുകളിൽ നിന്നുള്ള കൈവഴികളായ ഓവുചാലുകൾ എത്തിച്ചേരുന്ന പ്രധാന കനാലായ അൽഫാ വൺ മുതൽ പുന്നോൽ ബോർഡർ വരെയുള്ള കനാലിന്റെ ശുചീകരണവും പള്ളൂർ വയൽ അറവിലത്ത് പാലം വരെയുള്ള തോടിന്റെ ശുചീകരണവുമാണ് ഇപ്പോൾ നടക്കുന്നത്. സമീപ പഞ്ചായത്തുകളിലെ തോടുകൾ കൂടി ശുചീകരിച്ചാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് ഒരു പരിധിവരെ ശമനമുണ്ടാവുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

നിവേദനം നൽകി

എല്ലാ കൾവർട്ടുകളും ഉയർത്തി വെള്ളം സുഗമമായി ഒഴുകി പോകുവാനുള്ള സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മയ്ക്ക് ചാലക്കര ചെമ്പ്ര വികസന സമിതി ചെയർമാൻ സത്യൻ കേളോത്ത് നിവേദനം നൽകി.
ചാലക്കരയിൽ നിന്നും പള്ളൂർ അറവിലകത്ത് പാലത്തിൽ നിന്നും സമീപ പഞ്ചായത്തുകളായ ന്യൂ മാഹി, പുന്നോൽ പ്രദേശത്തു കൂടി കടന്നു പോവുന്ന ഓവുചാലുകൾ ശുചീകരിച്ച് വെള്ളം സുഗമമായി ഒഴുകി പോകുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശനും ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ചന്ദ്രദാസിനും നിവേദനം നൽകി. അഡ്വ. എ.പി. അശോകൻ, കെ.എം. പ്രഭാകരൻ, കെ.വി.ഹരീന്ദ്രൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.