ചെറുവത്തൂർ: ഗൾഫിൽനിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളികളിൽ നാലുപേരെ ചെറുവത്തൂരിൽ ക്വാറന്റൈനിലാക്കി. ചെറുവത്തൂർ നഗരത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ആണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി കോഴിക്കോട് കരിപ്പൂർ വിമാനതാവളത്തിൽ ഇറങ്ങിയ ഇവരെ ഇന്നലെ രാവിലെ ഏഴ് മണിക്കാണ് ചെറുവത്തൂരിൽ എത്തിച്ചത്. വൈദ്യപരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും വീടുകളിലേക്ക് വിടാതെ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് നാലു പേരോടും ആരോഗ്യ വകപ്പ് നിർദ്ദേശിച്ചിട്ടുള്ളത്.
തൃക്കരിപ്പൂർ കൈക്കോട്ടുകടവ്, ഉദുമ, പള്ളിക്കര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചെറുവത്തൂരിൽ കഴിയുന്ന നാല് പ്രവാസികളും. ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്ന ജില്ല എന്ന നിലയിൽ കാസർകോട്ടേക്ക് എത്തുന്ന പ്രവാസികളെ നിരീക്ഷണത്തിനു ശേഷം വീടുകളിലേക്ക് വിട്ടാൽ മതി എന്നാണ് തീരുമാനം. കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽനിന്ന് വരുന്നവരെ ചെറുവത്തൂർ മുതൽ കാസർകോട് വരെയുള്ള നിരീക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിക്കാൻ ആണ് ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. ഇന്നുമുതൽ കൂടുതൽ കാസർകോട്ടുകാർ വിമാനത്തിൽ എത്തിച്ചേരുമെന്നാണ് കരുതുന്നത്.