പഴയങ്ങാടി: മാടായി, മാട്ടൂൽ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവായ ആദ്യദിവസമായ ഇന്നലെ റോഡിൽ വാഹനങ്ങളുടെ തിരക്ക്. റെഡ് സോണിൽപ്പെട്ട ജില്ലയിലെ ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ ഈ നിയന്ത്രണങ്ങൾ കളഞ്ഞത്തോടെയുള്ള വാഹനങ്ങളുടെ തിരക്ക് കാണുമ്പോൾ ലോക്ക്ഡൗൺ പിൻവലിച്ച പ്രതീതിയായി.
വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിന്റെ സാന്നിദ്ധ്യവും എവിടെയും കാണാനുണ്ടായിരുന്നില്ല.
അടച്ചിട്ട ഗ്രാമീണ റോഡുകളും പ്രധാന റോഡുകളും തുറന്നതോടെയാണ് വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചത്. ലോക്ക് ഡൗൺ കാരണം നിർത്തിവച്ച റോഡുകളുടെയും പാലത്തിന്റെയും പ്രവൃത്തികൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തുന്നതിന് സർക്കാരിൽ നിന്നു അനുമതി ലഭിച്ചതായി ടി.വി രാജേഷ് എം.എൽ.എ അറിയിച്ചു. പ്രവൃത്തി ആരംഭിച്ച റോഡുകൾ പാതിവഴിയിൽ ആയതിനാൽ പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കിയിരുന്നു.
കാലവർഷം ആരംഭിച്ചാൽ പാലം നിർമ്മാണം പ്രയാസകരമായിരിക്കുമെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അനുമതി നൽകിയത്. എരിപുരം -വെങ്ങര-മുട്ടം - പാലക്കോട് റോഡ് പ്രവൃത്തി ഇന്നലെ പുനരാരംഭിച്ചു. കോലത്തുവയൽ-പാളിയത്തുവളപ്പ് - ചെറുവാന്തോട്ടം- വെള്ളിക്കൽ റോഡ്, കിഫ്ബി റോഡുകളായ ചന്ദപുര- മെഡിക്കൽ കോളേജ്-ശ്രീസ്ത- വെള്ളിക്കീൽ- ഒഴക്രോം-കണ്ണപുരം റോഡ്, കുപ്പം - ചുടല - പാണപുഴ- കണാരം വയൽ റോഡ്, ഏഴിലോട് - കുഞ്ഞിമംഗലം റയിൽവേ സ്റ്റേഷൻ- പുതിയ പുഴക്കര എന്നീ റോഡ് പ്രവൃത്തികൾക്കും, കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവ് പാലം നിർമ്മാണം, പൂരകടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം എന്നീ പ്രവൃത്തികൾക്കും, മാട്ടൂൽ കടൽഭിത്തി നിർമ്മാണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.