കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പൂർണ സജ്ജമായി. ഇതിന്റെ അവസാനഘട്ട ഒരുക്കങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ എയർപോർട്ടിൽ ചേർന്ന യോഗം വിലയിരുത്തി.

12ന് വൈകിട്ട് 7.10നാണ് ദുബായിൽ നിന്നുള്ള ആദ്യ വിമാനം കണ്ണൂരിലിറങ്ങുക. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കു ശേഷം രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷൻ നടപടിക്രമങ്ങൾക്കു ശേഷം പ്രത്യേക വഴിയിലൂടെ ആംബുലൻസിലാണ് ഇവരെ ആശുപത്രിയിലെത്തിക്കും.

ഗർഭിണികൾ, അവരുടെ പങ്കാളികൾ, 14 വയസിനു താഴെയുള്ള കുട്ടികൾ, വയോജനങ്ങൾ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയക്കും. വിമാനത്താവളത്തിൽ നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്‌ക്രീനിംഗിന് വിധേയരാക്കുകയും ക്വാറന്റൈനിൽ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ബോധവതേക്കരണം നടത്തുകയും ചെയ്യും. യാത്രക്കാരുടെ ഹാൻഡ് ബാഗുകൾ, ലഗേജുകൾ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.ജില്ലാ കളക്ടർ ടി.വി സുഭാഷ്, കിയാൽ എം.ഡി വി തുളസീദാസ്, ഡി.ഐ.ജി കെ. സേതുരാമൻ, എസ്.പി യതീഷ് ചന്ദ്ര തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ഓരോ ജില്ലകളിലേക്കും ബസ്
കണ്ണൂർ ജില്ലക്കാരായ യാത്രക്കാരെയും അയൽ ജില്ലയിലേക്കു പോകേണ്ടവരെയും പ്രത്യേകമായി തിരിച്ചാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കുക. ഓരോ ജില്ലകളിലേക്കുമുള്ളവർക്കായി പ്രത്യേകം കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ സ്വന്തം വാഹനത്തിലാണ് യാത്ര തിരിക്കുക. സ്വന്തമായി വാഹനം ഏർപ്പാട് ചെയ്യാത്തവർക്ക് പെയ്ഡ് ടാക്സി സൗകര്യവും എയർപോർട്ടിൽ ലഭ്യമാണ്.

ബൈറ്റ്

തിരികെയെത്തുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ പൂർണമായും പാലിക്കണം. ഇക്കാര്യം ഉറപ്പുവരുത്താൻ വിപുലമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രാദേശികതലത്തിൽ നല്ല ജാഗ്രത ആവശ്യമാണ്-മന്ത്രി രാമചന്ദ്ര കടന്നപ്പള്ളി