കണ്ണൂർ: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ യന്ത്രവത്കൃത യാനങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി കണ്ണൂർ ജില്ലയിലും മത്സ്യബന്ധനത്തിന് അനുമതി. എ.ഡി.എം ഇ.പി മേഴ്സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഹാർബർ മാനേജ്‌മെന്റ് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. മത്സ്യബന്ധനത്തിന് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ 24 മണിക്കൂറിന് മുമ്പ് മുൻകൂറായി ഹാർബറിനോടനുബന്ധിച്ച് സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും ടോക്കൺ എടുക്കണം.
യാനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ, യാനത്തിൽ പോകുന്ന ആൾക്കാരുടെ പേര്, ഐഡി/ ആധാർ നമ്പർ, യാത്രാ കാലയളവ് എന്നീ വിവരങ്ങൾ നിരീക്ഷണ ബൂത്തിൽ നൽകണം. ഇവിടെ നിന്നും ലഭിക്കുന്ന ടോക്കന്റെ അടിസ്ഥാനത്തിലായിരിക്കും മത്സബന്ധനത്തിനുള്ള അനുമതി ലഭിക്കുക. 25 എച്ച് പിയോ അതിൽ താഴെയോ കുതിര ശക്തിയുള്ള ഒ.ബി..എം എൻജിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത യാനങ്ങൾക്കും 32 അടിയോ അതിൽ താഴെയോ ഒ.എ.എൽ ഉള്ള പരമാവധി അഞ്ച് പേർ ജോലി ചെയ്യുന്ന യാനങ്ങൾക്കുമാണ് അനുമതിയുള്ളത്. മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന ബോട്ടുകൾ അതാത് ദിവസം തന്നെ തിരിച്ചെണമെന്നും നിർദേശമുണ്ട്. പുലർച്ചെ നാലുമണി മുതൽ വൈകിട്ട് നാലുമണി വരെയാണ് മത്സ്യബന്ധനത്തിന് അനുവദിച്ചിരിക്കുന്ന സമയം. രാത്രി കാലങ്ങളിലുള്ള മത്സ്യബന്ധനത്തിന് അനുമതിയില്ല. അതാത് ജില്ലകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ ആയിരിക്കണം. ഇവർ ജില്ല വിട്ട് മറ്റ് സ്ഥലങ്ങളിൽ പോകുവാൻ പാടില്ല. ഇക്കാര്യം ബോട്ടുടമകൾ ഉറപ്പാക്കണം. ഹാർബറിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തുന്നതിനും നിർദേശമുണ്ട്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുവേണം മത്സ്യബന്ധനം നടത്താനെന്നും ലേലം ഒഴിവാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി നിശ്ചയിക്കുന്ന വിലപ്രകാരമാണ് മീൻ വിൽക്കേണ്ടത്.