തലശേരി: പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച മാഹി ചെറുകല്ലായി സ്വദേശിയും സാമൂഹ്യപ്രവർത്തകനുമായ മഹ്റൂഫിന്റെ പേര് കേരളത്തിലേയും പുതുച്ചേരിയിലെയും പട്ടികയിൽ ഇല്ല. മാഹിക്കാരനായതിനാൽ കേരളവും മരണം കേരളത്തിലായതിനാൽ പുതുച്ചേരിയും ഇദ്ദേഹത്തിന്റെ പേര് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിൽ പെടുത്തിയില്ലെന്ന് ബന്ധുക്കൾ കേരളകൗമുദിയോട് പറഞ്ഞു.
പിതാവിന്റെ മരണത്തെ സർക്കാർ അവഗണിക്കുകയാണെന്ന പരാതിയുമായി മകൻ നദീം രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഏപ്രിൽ 11 നാണ് പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. എന്നാൽ എവിടെ നിന്നാണ് ഇയാൾക്ക് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.പരിയാരത്ത് നിന്ന് നൽകിയ മരണസർട്ടിഫിക്കറ്റിൽ മരണ കാരണം പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് നദീം പറയുന്നു. പുതുച്ചേരി സർക്കാരിൽ നിന്ന് ഒരു കത്തുമായി എത്തണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു. കേന്ദ്രനിയമപ്രകാരം വിവരം രേഖപ്പെടുത്തേണ്ടത് മരണം സംഭവിച്ച സംസ്ഥാനത്താണെന്നാണ് പുതുച്ചേരി ഭരണകൂടം വ്യക്തമാക്കുന്നത്.മരണകാരണം കൊവിഡാണെന്ന് രേഖപ്പെടുത്തുന്ന തെളിവുകളൊന്നും ഇല്ലേയെന്നാണ് പുതുച്ചേരി അധികൃതർ ചോദിച്ചെന്നും നദീം പറഞ്ഞു.
മയ്യഴിക്കാരനായ മഹറൂഫിന് മാഹിയിൽ സ്വന്തം വീടും റേഷൻ കാർഡും വോട്ടും ആധാറും പുതുച്ചേരി സർക്കാരിന്റെ പെൻഷനുമുണ്ട്. ഏപ്രിൽ ഒന്നിന് കണ്ണൂരിലെ ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിക്കുന്നത് വരെ അദ്ദേഹത്തിന് പിതാവിന് കടുത്ത ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് അദ്ദേഹത്തിന് വൈറസ് പിടിപെട്ടതെന്ന് തനിക്ക് സംശയമുണ്ടെന്നും നദീം വ്യക്തമാക്കി.
നദീം കേരളത്തോട് ചോദിക്കുന്നു
മയ്യഴിക്കാർ വിദഗ്ധ ചികിത്സക്ക് ഇതര സംസ്ഥാനങ്ങളിൽ ചികിത്സ തേടുന്നത് പതിവാണ്. അവിടങ്ങളിൽ മരണപ്പെട്ടാൽ മയ്യഴിയിലെ അസ്ഥിത്വം പോലും നഷ്ടപ്പെടുന്നത് അധാർമ്മികമാണെന്ന് നദീം പറഞ്ഞു. ആവശ്യമെങ്കിൽ, നിയമവഴികളടക്കം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റെല്ലാ കൊവിഡ് രോഗികളുടേയും രോഗ ഉറവിടം സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തന്റെ പിതാവിന്റെ മാത്രം ഉറവിടത്തെക്കുറിച്ച് വെളിപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്നും, ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കാണിച്ച് നദീം കേരള മുഖമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
'പിതാവിന്റെ മരണത്തെപ്പോലും സർക്കാർ അവഗണിക്കുന്നുവെന്നത് തന്റെ കുടുംബത്തെ വളരെയധികം വേദനിപ്പിക്കുകയാണ്.ഇത് പൗരത്വ നിഷേധത്തിന് തുല്യമാണ്. പൊലീസ് ഇപ്പോഴും തന്റെ കുടുംബ വീടുകൾ കയറി ഇറങ്ങുകയാണ്. അവർ ഞങ്ങളെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്. ഞങ്ങൾ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കിയവരാണ്. ഞങ്ങൾ ആരോഗ്യവകുപ്പുമായി എല്ലാ കാര്യത്തിലും സഹകരിച്ചു. എന്നിട്ടും എന്തിനാണ് തങ്ങളുടെ പിതാവിന്റെ മരണത്തെ അവഗണിക്കുന്നത്".
-നദീം (മഹ്റൂഫിന്റെ മകൻ)