ചെന്നൈ: ദക്ഷിണേന്ത്യയെ ആശങ്കയിലാക്കി ചെന്നൈയിലെ ചേരികളിൽ കൊവിഡ് വ്യാപിക്കുന്നതായി ആശങ്ക. 30,000 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണകിനഗർ ചേരിയിലാണ് രോഗികൾ കൂടുന്നത്. ഇതുവരെ 23 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാലു ദിവസത്തിനകം രണ്ടായിരത്തിലധികം പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചേരികളിലേക്ക് വൈറസ് വ്യാപിക്കുന്നതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നത്.
150-200 ചതുരശ്ര അടിമാത്രമാണ് ഈ ചേരികളിലെ വീടുകളുടെ വലുപ്പം. സാമൂഹ്യ അകലമൊന്നും നടപ്പാക്കാനാകാത്തത് വെല്ലുവിളിയാകും. പുളിയംതോപ്പ് മേഖലയിൽനിന്ന് സൗകാർപേട്ടലേക്കും രോഗം പടർന്നിട്ടുണ്ട്.
വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ മൂന്നാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. എന്നാൽ, രോഗപ്രതിരോധത്തിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നതായാണ് ആക്ഷേപം. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ നഗരത്തിൽ കടകളെല്ലാം തുറന്നതോടെ ജനത്തിരക്ക് വർധിച്ചു. ഇതും സാമൂഹ്യ വ്യാപനത്തിന് ഇടയാക്കിയേക്കും.
കടലൂരിൽ രോഗം സ്ഥിരീകരിച്ചയാൾക്ക് വൈറസ് ബാധയേറ്റത് 170 കലോമീറ്റർ അകലെയുള്ള കോയമ്പേട് ചന്തയിൽ നിന്നാണ്. ഇതാണ് വിമർശനത്തിന് ഇടയാക്കുന്നത്. രോഗികൾ കൂടുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഇരട്ടിയോളം രോഗികളാണ് എത്തുന്നത്. രോഗലക്ഷണമില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം.