കണ്ണൂർ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തിയവരുടെ ക്വാറന്റൈൻ നടപടികൾ ഉറപ്പുവരുത്താൻ ശക്തമായ നടപടികൾ ആരംഭിച്ചു. ക്രമീകരണങ്ങൾ ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. ആശുപത്രി, കൊവിഡ് കെയർ സെന്റർ നിരീക്ഷണത്തോടൊപ്പം ഹോം ക്വാറന്റൈൻ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ കൊവിഡ് വ്യാപന സാദ്ധ്യത ഇല്ലാതാക്കാനാവൂ എന്ന് ജില്ലാ കളക്ടർ പറഞ്ഞു.

കാലിക്കടവ്, മാഹി, നെടുംപൊയിൽ എന്നിവിടങ്ങളിൽ സജ്ജീകരിച്ച ചെക്ക്‌പോയിന്റുകളിലൂടെ കർശന സ്‌ക്രീനിംഗിന് വിധേയമാക്കിയ ശേഷമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ജില്ലയിലേക്ക് കടത്തിവിടുന്നത്. മേയ് നാലു മുതൽ മൂന്ന് അതിർത്തികളിലൂടെ 3500 ലേറെ പേർ ജില്ലയിലെത്തി. ഇവരിൽ സ്‌ക്രീനിംഗിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ 10 പേരെ ആശുപത്രികളിലും റെഡ് ജില്ലകളിൽ നിന്നെത്തിയ 568 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും 2945 പേരെ വീടുകളിലുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

21 വിദേശമലയാളികളും ഇതിനകം ജില്ലയിലെത്തിയിട്ടുണ്ട്. ഇവരിൽ ഏഴ് ഗർഭിണികളും അവരുടെ കുട്ടികളും ഉൾപ്പെടെ 11 പേർ വീടുകളിലും 10 പേർ കൊവിഡ് കെയർ സെന്ററുകളിലുമാണുള്ളത്.
യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സബ് കളക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, അഡീഷണൽ എസ്.പി പ്രജീഷ് തോട്ടത്തിൽ, എ.ഡി.എം ഇ.പി മേഴ്‌സി തുടങ്ങിയവർ സംബന്ധിച്ചു.