ചെറുവത്തൂർ: കൊടക്കാട് വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് വ്യാജചാരായം വാറ്റും വിൽപ്പനയും നടത്തിയ യുവാവ് പിടിയിൽ. വെള്ളരിക്കുണ്ട് തായന്നൂരിലെ ജോജോ (35) ആണ് നീലേശ്വരം റേഞ്ച് എക്സൈസ് വിഭാഗത്തിന്റെ പിടിയിലായത്. ചീമേനിക്കടുത്ത കൊടക്കാട് ആനിക്കാടിയിലെ ഗോപാലന്റെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിലാണ് ഇയാൾ വാറ്റു കേന്ദ്രമാക്കിയത്.

ക്വാർട്ടേഴ്സിന്റെ മതിലിനോട് ചേർന്ന് നാലു ബാരലുകളിലായി സൂക്ഷിച്ച കോട പിടിച്ചെടുത്തു. ലോക്ക് ഡൗണിന്റെ മറവിൽ ചെറുവത്തൂരും പരിസരങ്ങളിലുമായി വ്യാജചാരായം വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് എക്സൈസ് വിഭാഗം റെയ്ഡ് നടന്നത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ കെ.പ്രദീഷ്, ജോസഫ് അഗസ്റ്റിൻ, ടി.കെ.അജിത്കുമാർ, ഒ.പി. രതീഷ്, വിജിത് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.