ചെറുപുഴ: കഴിഞ്ഞ പ്രളയത്തിൽ മീൻകുളവും ഒരു കിലോ മുതൽ രണ്ട് കിലോ വരെ തൂക്കവുമുള്ള 400 മീനുകളും നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരമായി ലഭിച്ചത് കേവലം 656 രൂപ. ചെറുപുഴ കോക്കടവിലെ പാത്രപാങ്കൽ ജോഷിയ്ക്കാണ് ഫിഷറീസ് വകുപ്പ് നഷ്ടപരിഹാരമായി ഒന്നോ രണ്ടോ മീനിന്റെ വില ലഭിച്ചത്.
നഷ്ടപരിഹാരത്തിനായി ജോഷി അപേക്ഷ നൽകിയതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അറിയിച്ചിരുന്നു.
അപേക്ഷ തയ്യാറാക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ഉദ്യോഗസ്ഥരെ കൊണ്ടു വരുന്നതിനുമൊക്കെയായി ജോഷിയ്ക്ക് വലിയൊരു തുക ചെലവായി. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കർഷകന് തുച്ഛമായ നഷ്ടപരിഹാരമെത്തിയത്. മീൻ കുളത്തിൽ ജോഷി ഇട്ടിരുന്ന പ്ലാസ്റ്റിക് ഷീറ്റിനു തന്നെ 20,000 രൂപ വിലയുണ്ട്. ആകെ 25 സെന്റ് സ്ഥലമാണ് ഇദ്ദേഹത്തിനുള്ളത്. അതിൽ മാതൃകാപരമായി കൃഷി ചെയ്ത് ശ്രദ്ധ നേടിയ യുവ കർഷകനാണ് ജോഷി.
പ്രളയത്തിന് ശേഷം മീൻ കുളം പുനർനിർമ്മിക്കുന്നതിനും മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനും ജോഷിയ്ക്ക് സഹായം നൽകിയത് കൃഷിത്തോട്ടം ഗ്രൂപ്പെന്ന ഫേസ് ബുക്ക് കൂട്ടായ്മയാണ്. 400 മത്സ്യകുഞ്ഞുങ്ങളെയും കുളത്തിൽ വെള്ളം സംഭരിച്ച് നിർത്താൻ 20,000 രൂപ വിലയുള്ള പ്ലാസ്റ്റിക് ഷീറ്റും ഈ കൂട്ടായ്മയാണ് നൽകിയത്.
ഇത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണ്.
ജോഷി, കർഷകൻ