കാസർകോട്: കേരളത്തിലേക്ക് കടക്കാനാകാതെ കാസർകോട് തലപ്പാടി അതിർത്തിയിൽ നൂറുകണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഇരുപതിലേറെ വിദ്യാർത്ഥികളുമുണ്ട്. പാസില്ലാത്തതിനാൽ അതിർത്തിയിൽ സജ്ജമാക്കിയ പന്തലിൽ പോലും ഇവർക്ക് പ്രവേശനം നൽകുന്നില്ല. എല്ലാവരുടെയും പക്കൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാസുണ്ട്. പൊലീസ് നൽകുന്ന വെള്ളം മാത്രമാണ് ഇവർക്ക് ആകെ ലഭിക്കുന്നത്. സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കർണാടകത്തിലെ ഷിമോഗയിൽ നിന്നെത്തിയ 108 നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നാല് പേരാണ് ഒരു രാത്രി മുഴുവൻ ഇവിടെ കഴിയേണ്ടി വന്നത്. അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ കോഴിക്കോട് കളക്ടർ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം.

കുടുങ്ങിയവരിൽ രണ്ടുദിവസം മുമ്പ് എത്തിയവരുമുണ്ട്. സ്വന്തം വാഹനത്തിൽ അതിർത്തിയിലെത്തിയ പലർക്കും പാസില്ലാത്തതാണ് തടസമായത്. ഇന്നലെ രാവിലെ എത്തിയ പത്തംഗ സംഘം ഇത്തരത്തിൽ അനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നുണ്ട്.