കൊളച്ചേരി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും ഉണ്ടായ വൻനാശനഷ്ടത്തെ തുടർന്ന് മുടങ്ങിയ വൈദ്യുതി മൂന്ന് ദിവസമായിട്ടും കൊളച്ചേരി പഞ്ചായത്തിന്റെ പലഭാഗങ്ങളിലും പുനഃസ്ഥാപിക്കാൻ ആവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കൊളച്ചേരി കെ.എസ്.ഇ.ബി ഓഫീസിൽ കൂട്ടമായെത്തി. ജീവനക്കാരും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിൽ കലാശിച്ചു.
പ്രദേശത്ത് നാല്പതോളം വൈദ്യുതി തൂണുകൾ പൊട്ടി വീണ് വൈദ്യുതി ബന്ധം താറുമാറായിരുന്നു. ജീവനക്കാർ രാവും പകലും വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കെ.എസ്.ഇ. ബി പറയുന്നത്.
ലോക്ക് ഡൗണിനൊപ്പം വൈദ്യുതി മുടക്കം കൂടി ആയതോടെ നാട്ടുകാർ ശരിക്കും ഇരുട്ടിലായി. സംഘർഷാവസ്ഥയിലെത്തിയതോടെ കെ.എസ്.ഇ.ബി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസെത്തി ആളുകളെ പിരിച്ചുവിട്ടു. കൂട്ടം കൂടി നിന്നവരെയും പ്രതിഷേധം നടത്തിയവരെയും പിരിച്ചുവിട്ടു. പരമാവധി വേഗത്തിൽ പണി തീർക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു