കൂത്തുപറമ്പ്: റോഡിലൂടെ അലഞ്ഞ് തിരിയുകയായിരുന്ന യുവാവിന് കൂത്തുപറമ്പ് പൊലീസ് രക്ഷകനായി. മെരുവമ്പായി സ്വദേശിയായ 40 വയസുകാരനെയാണ് പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റിയത്. പട്രോളിംഗിനിടെ കഴിഞ്ഞദിവസം വൈകിട്ടോടെ മെരുവമ്പായി പാലത്തിനടുത്ത് വച്ചാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്.
വീടുമായി ബന്ധമില്ലാത്തതിനെ തുടർന്ന് കൃത്യമായി ഭക്ഷണം ലഭിക്കാത്ത യുവാവ് ശാരീരിക അവശതയിലായിരുന്നു. ചില ഘട്ടത്തിൽ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാൾ കടത്തിണ്ണകളിലും മറ്റുമാണ് കഴിഞ്ഞു വന്നിരുന്നത്. ലോക്ക് ഡൗൺ സമയത്തും അലഞ്ഞ് തിരിയുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ എത്തിച്ചത്.
കുളിപ്പിച്ച ശേഷം പുതുവസ്ത്രങ്ങളും നൽകി തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂത്തുപറമ്പ് സി.ഐ എം.പി. ആസാദ്, എ.എസ്.ഐ. അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.എ. സുധി എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.