തളിപ്പറമ്പ്: പട്ടുവം കയ്യംതടത്തെ ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിനെ കൊവിഡ് കെയർ സെന്ററായി സജീകരിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും വരുന്ന ആളുകൾക്ക് പൊതു ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനാണ് നടപടി.

സെന്ററിന്റെ പ്രവർത്തനത്തിനായി ഉദ്യോഗസ്ഥരെയും സന്നദ്ധ സേന വളണ്ടിയർമാരെയും നിയോഗിച്ചു. ചാർജ് ഓഫീസറായി ഒരു അദ്ധ്യാപകനെയും നിയമിച്ചിട്ടുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ രണ്ട് അദ്ധ്യാപകരും പ്രവർത്തിക്കും. പട്ടുവം പഞ്ചായത്ത് പരിധിയിലുള്ള രണ്ട് വളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പട്ടുവം ഗ്രാമ പഞ്ചായത്ത് ഏരിയകളിൽ എത്തിച്ചേരാൻ 140 പേരാണ് ആദ്യഘട്ടത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വന്തം വാഹനം ഉപയോഗിച്ചും സ്വന്തം നിലയിൽ ഏർപ്പെടുത്തുന്ന വാഹനങ്ങളിലുമായി എത്താൻ 40 പേരാണ് അപേക്ഷിച്ചിട്ടുള്ളത് .ഇതിൽ 14 പേർക്ക് പാസ് അനുവദിച്ചിട്ടുണ്ട്. ഇവർ അടുത്ത ദിവസങ്ങളിൽ എത്തിച്ചേരും.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 12 പേർ ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. കെയർ സെന്ററിനായി ജി.എം.ആർ. സ്കൂളിലെ യു.പി.വിഭാഗത്തിലെ കുട്ടികളുടെ ഹോസ്റ്റലുകൾ ശുചീകരിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനക്കീൽ ചന്ദ്രന്റെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി. ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എം. ലളിത, പഞ്ചായത്ത് മെമ്പർമാരായ എൻ. ജോയി, വി.വി.ശശി, ഏ.കെ.സമിത, സെക്രട്ടറി എം.എം. രമ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.

പട്ടുവം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. പവിത്രൻ, തളിപ്പറമ്പ് ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ എ. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.പി.സിയാദ് എന്നിവരും സജീകരണങ്ങൾ വിലയിരുത്തി. ക്വാറന്റൈനിൽ കഴിയേണ്ടവർക്ക് ജി.എം.ആർ.എസിലെ അടുക്കളയിൽ നിന്നും ഭക്ഷണം തയ്യാറാക്കി നല്കും.