കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യം കേന്ദ്രീകൃതമായി സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റിനായി കണ്ണൂർ കോർപറേഷന്റെ ട്രഞ്ചിംഗ് ഗ്രൗണ്ട് സർക്കാർ ഏറ്റെടുക്കുന്നു. ചേലോറയിലുള്ള 9.7 ഏക്കർ ട്രഞ്ചിംഗ് ഗ്രൗണ്ട് ഏറ്റെടുത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാനാണ് നീക്കം. ഏറ്റെടുക്കുന്ന സ്ഥലം പ്ലാന്റ് നിർമ്മാണത്തിനായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷന് കൈമാറും.
ഇതുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിക്കാൻ കോർപ്പറേഷന് നിർദേശം നൽകിയെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായില്ലെന്നും വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കാണിച്ച് സർക്കാർ വീണ്ടും കോർപ്പറേഷന് കത്തയച്ചിരിക്കുകയാണ്.
അതേസമയം ഇതു സംബന്ധിച്ച് കോർപറേഷൻ കൗൺസിൽ നേരത്തെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും യോഗ നിർദേശ പ്രകാരമുള്ള നിബന്ധകൾ സർക്കാരിനെ അറിയിച്ചിട്ടും വ്യക്തമായ മറുപടി നൽകിയില്ലെന്നുമാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. സാധാരണ ഗതിയിൽ ഒരു ടൺ മാലിന്യം സംസ്‌കരിക്കുമ്പോൾ ചാരവും മറ്റുമായി 30 ശതമാനം ബോട്ടം വെയ്സ്റ്റ് എന്ന രീതിയിൽ പ്ലാന്റിൽ ബാക്കിവരും. എന്നാൽ ഈ മാലിന്യം എന്തുചെയ്യുമെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്.
ആകെ സ്ഥലം
9.7 ഏക്കർ
പ്രതിദിനം 200 ടൺ മുതൽ 300 ടൺ വരെ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്
ബോട്ടം വെയ്സ്റ്റ് എന്ന രീതിയിൽ പ്ലാന്റിൽ ബാക്കിവരുന്ന മാലിന്യം എന്തുചെയ്യുമെന്ന കോർപ്പറേഷന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതുവരെ സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. മാലിന്യം സംസ്‌കരിക്കാൻ എത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തന്നെ ഇത് കൊണ്ടുപോകണമെന്നാണ് മറ്റൊരു നിർദേശം. അല്ലാത്ത പക്ഷം കോർപ്പറേഷന് അത് ബാധ്യതയാകും. എന്നാൽ ഇതു സംബന്ധിച്ചൊന്നും സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല.
പി.കെ രാഗേഷ്, കോർപ്പറേഷൻ കൗൺസിലർ