കണ്ണൂർ: 1140 അന്യസംസ്ഥാന തൊഴിലാളികൾ കൂടി കണ്ണൂരിൽ നിന്ന് സ്വദേശമായ ഉത്തർപ്രദേശിലേക്ക് മടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ വൈകിട്ട് 6ന് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികൾ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 38 കെ.എസ്.ആർ.ടി.സി ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
തൊഴിലാളികൾക്ക് രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് തിരിക്കുന്നതിനുള്ള അനുമതി നൽകിയത്. തൊഴിലാളികൾക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതർ നൽകിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ട്രെയിൻ ലക്‌നൗ സ്റ്റേഷനിൽ എത്തും. ഇതോടെ ജില്ലയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച ആകെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 3870 ആയി.