കാസർകോട് :ഒരു ഘട്ടത്തിൽ രാജ്യത്ത് തന്നെ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് ഭയാനകമായ അവസ്ഥയിൽ നിന്നിരുന്ന കാസർകോടിനിത് അഭിമാനനിമിഷം.ഒരു ജീവൻ പോലും നഷ്ടപ്പെടുത്താതെ മുഴുവൻ രോഗികളെയും സുഖപ്പെടുത്തിയാണ് ഈ അതിർത്തി ജില്ല തലയുയർത്തിനിൽക്കുന്നത്.
ഉക്കനടുക്കയിലെ മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച കൊവിഡ് ആശുപത്രിയിൽ നിന്ന് അവസാനത്തെ കൊവിഡ് രോഗിയും ഭേദപ്പെട്ട് മടങ്ങി വിദേശത്ത് നിന്നും നാട്ടിൽ എത്തിയ ചെങ്കള സ്വദേശിയായ 41 കാരനാണ് ഇന്നലെ ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും പൂക്കളും മറ്റും നൽകിയാണ് അവസാനം രോഗം ഭേദമായ ആളിനെ യാത്രയാക്കിയത്. ഭീതിയുടെ മുൾമുനയിൽ നിന്നിരുന്ന ജില്ലയിലെ ജനങ്ങൾ ആഹ്ലാദം പങ്കിടുന്ന നിമിഷമായിരുന്നു അത്.
178 രോഗികളിൽ 100 ശതമാനം പേരും രോഗം ഭേദമായാണ് വീടുകളിലേക്ക് മടങ്ങിയത്. പതിനായിരത്തിൽ അധികം ആളുകൾ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജില്ലയായിരുന്നു കാസർകോട്. നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞു. ആരോഗ്യ പ്രവർത്തകരും പൊലീസും ജില്ലാ ഭരണകൂടവും ജില്ലയിലെ ജനങ്ങളും ഒരുമിച്ചു നിന്ന് കൊവിഡിനെ തുരത്താൻ പട നയിച്ചപ്പോൾ നേടി കരുതലിന്റെ മികച്ച വിജയം.
ബൈറ്റ്
കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ വിദേശത്തു നിന്നു വന്നവരും അവരുടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരും ഉൾപ്പെടെ എല്ലാവരും രോഗവിമുക്തരായതിൽ വളരെയധികം സന്തോഷിക്കുന്നു.ഇതിനായി സഹകരിച്ച് പ്രവർത്തിച്ച എല്ലാവർക്കും നന്ദി. എന്നാൽ ഇനിയും വലിയ വെല്ലുവിളികൾ ജില്ല നേരിട്ട് അതിജീവിക്കേണ്ടതുണ്ട്. അതിന് ജാഗ്രത കൈവിടാതെ എല്ലാവരും വീണ്ടും കൃത്യമായി പ്രവർത്തിക്കണം-ജില്ലാകളക്ടർ ഡോ.ഡി.സജിത് ബാബു