pic

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്ത ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 178 രോഗികളിൽ നിന്ന് അവസാനത്തെ കൊവിഡ് ബാധിതനും രോഗവിമുക്തി നേടിയതോടെ കാസർകോടിന്റെ ചരിത്ര നേട്ടം ലോകമെമ്പാടുമുള്ള രോഗപ്രതിരോധ പ്രവർത്തനനങ്ങള്‍ക്ക് ഉത്തേജനം നൽകും. പരിമിതമായ ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ച് വിവിധ വകുപ്പുകളുടെ ചിട്ടയായ പ്രവർത്തനവും പൊതുജനങ്ങളുടെ പിന്തുണയും കൈമുതലാക്കി ഒരു രോഗിയേയും മരണത്തിലേക്ക് തള്ളിവിടാതെയാണ് ജില്ല നിലവിൽ കൊവിഡ് മുക്തമായിരിക്കുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും പടിയിറങ്ങുിയതോടെ കൊവിഡിനെ പൊരുതി തോൽപ്പിച്ച ജില്ലയായി കാസർകോട് മാറിയിരിക്കയാണ്.

കേരളത്തിൽ രണ്ടാം ഘട്ട രോഗ വ്യാപനം ആരംഭിച്ചപ്പോൾ സംസ്ഥാനം ഭയത്തോടെ നോക്കിക്കണ്ട ജില്ല, സമൂഹ വ്യാപനത്തിലേക്ക് വഴുതിപ്പോകാൻ അത്രമേൽ സാധ്യത ഉണ്ടായിരുന്ന ജില്ല, തൊട്ടടുത്ത റെഡ് സോണുകളെ സാക്ഷിയാക്കി കൊവിഡ് മുക്തമാകുമ്പോൾ രാപകലില്ലാതെ ഉറക്കമൊഴിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും അഭിമാനിക്കാം. നാടിനെ നെഞ്ചോട് ചേർത്ത് കടുത്ത പ്രതിരോധ മുറ ഒരുക്കിയ ജില്ലാ ഭരണകൂടത്തിനും 178 കൊവിഡ് രോഗികളേയും ചികിത്സിച്ച് ഭേതമാക്കിയ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ജാഗ്രത കൈവിടാതിരിക്കാൻ കാവലിരുന്ന പൊലീസുകാർക്കും ക്വാറന്റൈനിൽ പെട്ടുപോയ ജനതയ്ക്കായി ഭക്ഷണപ്പൊതികൾ ഒരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും നാടും നഗരവും അണുവിമുക്തമാക്കാൻ ഓടിനടന്ന ഫയർഫോഴ്സ് ജീവനക്കാർക്കും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആരോഗ്യം ഉറപ്പുവരുത്താനും വയോജനങ്ങളുടെ വിവര ശേഖരണത്തിനുമെല്ലാം മുന്നേ നടന്ന അംഗൻവാടി പ്രവർത്തകർക്കും സ്വയം നിയന്ത്രിച്ച് പുറത്തിറങ്ങാതെ വീടുകളിൽ കഴിഞ്ഞ ഓരോരുത്തർക്കും അഭിമാനിക്കാം. ഇതൊരു ചരിത്ര മുഹൂർത്തമാണ്.

രാജ്യത്തിലെ തന്നെ ഹോട്ട് സ്പോട്ടായി റിപ്പോർട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ല ആഴ്ചകൾക്കിപ്പുറം മഹാമാരിയെ തുരത്തി സമ്പൂർണ കൊവിഡ് മുക്ത ജില്ലയായി തീർന്നിരിക്കുന്നു. കൊവിഡിനെ നേരിടുമ്പോൾ ജില്ലയ്ക്ക് താങ്ങായി ഒരാഴ്ചക്കാലം കൊണ്ട് പ്രവർത്തന സജ്ജമായ കാസർകോട് മെഡിക്കൽ കോളേജ്, തിരവനന്തപുരത്തു നിന്നും കോട്ടയത്തു നിന്നുമെല്ലാം വിദഗ്ധ സംഘങ്ങളുടെ സേവനം ,സർക്കാർ ജില്ലയ്ക്ക് നൽകിയ കരുതൽ നാൾവഴികൾ മറക്കരുത്. എങ്കിലും ഇനി രോഗം വരാതിരിക്കാൻ ഇതുവരെ തുടർന്നതിനിക്കാൾ കൂടിയ ജാഗ്രത പുലർത്തിയെ പറ്റൂ.