pic

കാസർകോട്: രോഗം ഭേദമായി അവസാനം ആശുപത്രി വിട്ട ചെങ്കള സ്വദേശിയായ കൊവിഡ് ബാധിതനു മൂന്ന് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ചികിത്സയും പരിചരണവും ലഭിച്ചു. കാസർകോട് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ പ്രത്യേക സംഘം ഡ്യുട്ടിക്ക് എത്തിയപ്പോൾ ചെങ്കള സ്വദേശി അവിടെ ഉണ്ടായിരുന്നു. ഇന്നലെ രോഗം ഭേദമായി മടങ്ങുമ്പോൾ മൂന്ന് സംഘത്തിനും നന്ദി പറഞ്ഞാണ് ഇദ്ദേഹം മടങ്ങിയത്.

മറ്റ് രോഗികൾക്ക് എല്ലാം രോഗം മാറിയതിനാൽ നാല് ദിവസമായി ഇദ്ദേഹം മെഡിക്കൽ കോളേജിൽ ഒറ്റക്കായിരുന്നു. എന്നാൽ ഒറ്റക്ക് ആണെന്ന് ഒരിക്കലും തോന്നിയില്ലെന്നാണ് കൊവിഡ് മുക്തൻ പറഞ്ഞത്. കൂട്ടിനും സഹായത്തിനും ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവർക്കും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. നേതാക്കളായ ഏ.കെ ആന്റണി, ഉമ്മൻ‌ചാണ്ടി, ഹക്കിം കുന്നിൽ തുടങ്ങിയവർ തന്നെ വിളിച്ചു പിന്തുണ നൽകിയിരുന്നു എന്നും ചെങ്കള സ്വദേശി പറഞ്ഞു.